കൊച്ചി: ട്രാന്സ്ജന്റേര്സിനു നേരെ പോലീസിന്റെ അക്രമം. ഉത്തരേന്ത്യയില്‍ നിന്നും വന്ന ട്രാന്‍സ്ജെന്റേര്‍സ് എന്ന് അവകാശപ്പെടുന്ന അന്യഭാഷക്കാര്‍ തങ്ങളെ അക്രമിച്ചെന്ന പരാതി നല്കാന് എത്തിയ മലയാളികളായ ട്രാന്സ്ജെന്റേര്സിനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചെന്ന പരാതി ഉയരുന്നത്.
ഉപജീവനത്തിനായി എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ ഭിക്ഷയാചിക്കുകയായിരുന്ന ട്രാന്‍സ്ജെന്റേര്‍സിനെ ഉത്തരേന്ത്യയില്‍ നിന്നും വന്ന ട്രാന്‍സ്ജെന്റേര്‍സ് അക്രമിച്ചത്. ഇതിനെതിരെ പരാതി നല്കാന് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിയ പതിനൊന്നോളം വരുന്ന ട്രാന്‍സ്ജെന്റേര്‍സിനെ എസ.ഐ സനല്‍ കുമാറിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ആരോപണം.
തുടര്‍ന്ന് ഇവര്‍ക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് റിമാന്‍ഡ് ചെയ്യുകയും തൃശൂര്‍ വിയൂര്‍ സെന്റര്‍ ജയിലില്‍ അടക്കുകയും ചെയ്തു. പരാതി പറയാനെത്തിവര്ക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്ന് ട്രാന്‍സ്ജെന്ററും ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ഇത് നീതി നിഷേധമാണെന്നും പലസമരങ്ങളിലും മുന്നില്‍ നിന്ന ഞങ്ങളെ പോലുള്ളവര്‍ക്കെതിരെ നടന്ന അക്രമങ്ങള്‍ക്കെതിരെ ചോദ്യം ചെയ്യാന്‍ ആരുമില്ലെയെന്ന് ശീതള്‍ ശ്യം ചോദിച്ചു.
എന്നാല്‍ പോലീസിനെ അസഭ്യം പറയുകയും മറ്റും ചെയ്തതുകൊണ്ടാണ് പതിനഞ്ചോളം വരുന്ന ട്രാന്‍സ്ജെന്റേര്‍സിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചെങ്കില്‍ അത് ഗുരുതരമായ മനുഷ്യവകാശ ലംഘനമാണെന്നും ട്രാന്‍സ്ജെന്റേര്‍സിനെ സംരക്ഷിക്കണെന്നും പോലീസിനെതിരെ നടപടി വേണമെന്നുമുള്ള പ്രചരണങ്ങള്‍ ഫേസ്ബുക്കില്‍ സജീവമാണ്.
Post Your Comments