ന്യൂഡല്‍ഹി ● അഞ്ച് ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജൂലൈ 7 ന് പുറപ്പെടും. മൊസാംബിക്ക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. പ്രകൃതിവിഭവ സമ്പന്നമായ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഈ രാജ്യങ്ങളുമയുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് മോദിയുടെ സന്ദര്‍ശന ലക്ഷ്യം.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടേയും ഉപരാഷ്ട്രപതി ഹമിദ് അന്‍സാരിയുടേയും ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയും ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്.
ഇന്ത്യയ്ക്ക് നിലവില്‍ 75 ബില്യണ്‍ യു.എസ് ഡോളറിന്റെ വാണിജ്യമാണ് ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ളത്. കൂടാതെ നിരവധി പദ്ധതികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 7.4 ബില്യണ്‍ ഡോളര്‍ ഇന്ത്യ അനുവദിച്ചിട്ടുണ്ട്. ഈ കാലയളവില്‍ 41 ആഫ്രിക്കന്‍ രാജ്യങ്ങളിലായി 140 പദ്ധതികളാണ് ഇന്ത്യ നടപ്പിലാക്കിയത്.
ജൂലൈ 7 ന് മൊസാംബിക്കിലാണ് മോദി ആദ്യം സന്ദര്‍ശനം നടത്തുക. പ്രസിഡന്റ് ന്യുസിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് 8 ന് ദക്ഷിണാഫ്രിക്കയിലെത്തുന്ന പ്രധാനമന്ത്രി പ്രസിഡന്റ് ജേക്കബ് സുമ തുടങ്ങി മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തും. രണ്ട് ദിവസം നീളുന്ന ദക്ഷിണാഫ്രിക്ക സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി ജോഹന്നാസ്ബര്‍ഗ്, പീറ്റര്‍മാരിറ്റ്സ്ബര്‍ഗ്, ഡര്ബന് നഗരങ്ങളും സന്ദര്‍ശിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് അറിയിച്ചു.
10 ന് ടാന്‍സാനിയയില്‍ എത്തുന്ന പ്രധാനമന്ത്രി മോദി പ്രസിഡന്റ് ജോണ്‍ പോംബെ ജോസഫ് മഗുഫുലിയുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും പൊതുതാല്പര്യമുള്ള പ്രധാന വിഷയങ്ങളും ചര്‍ച്ചയാകും.
11 ന് കെനിയയിലെത്തുന്ന മോദി കെനിയന്‍ പ്രസിഡന്റ് കെന്യാത്തയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് പ്രധാനമന്ത്രി നയ്റോബി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുസംസാരിക്കും.
Post Your Comments