കൊച്ചി : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായാണെന്നും പതിനായിരം കോടിയുടെ ബാധ്യത സംസ്ഥാനത്തിന് ഉണ്ടെന്നുമുള്ള തോമസ് ഐസക്കിന്റെ വാദത്തെ പരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കര്‍.
അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്‌റ് ഇങ്ങനെ:
അങ്ങനെ നമ്മളൊക്കെ കാത്തുകാത്തിരുന്ന ധവളപത്രം പുറത്തുവന്നു. ഖജനാവ് കാലിയാക്കിയിട്ടാണ് കുഞ്ഞൂഞ്ഞും കുഞ്ഞുമാണീം ഭരണം പരണത്തുവെച്ചു കോട്ടയത്തേക്ക് തിരിച്ചുപോയതത്രെ. പതിനായിരം കോടിയാണ് ബാധ്യത. ചുരുക്കിപ്പറഞ്ഞാല്‍ വിഷം മേടിക്കാന്‍ കാശില്ല!!
ഇ.കെ.നായനാര്‍ ശിവദാസമേനോന്‍ ടീമിന്റെ ഭരണം കഴിഞ്ഞു അന്തോണീസ് പുണ്യാളന്‍ അധികാരമേറ്റ 2001 ല്‍ ആണ് ഇതിനു മുന്‍പ് ഇതുപോലൊരു ധവളപത്രം പുറത്തിറങ്ങിയത്. മുണ്ടുമുറുക്കിയുടുക്കണം എന്നായിരുന്നു പുണ്യാളന്റെ അന്നത്തെ അരുളപ്പാട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം വെട്ടിക്കുറച്ചു. ഭരണ പ്രതിപക്ഷ അനുകൂല സംഘടനകള്‍ ഒന്നടങ്കം സമരം ചെയ്തു. ഒരുമാസത്തിലധികം ഭരണം സ്തംഭിപ്പിച്ചു എന്നാണ് ചരിത്രം. മാര്‍ക്‌സിസ്റ്റ് ഭരണമായതുകൊണ്ട് ലീവ് സറണ്ടര്‍ അല്ല ശമ്പളം തന്നെ വെട്ടിക്കുറച്ചാലും ഇക്കുറി സര്‍വീസ് സംഘടനകള്‍ സമരം ചെയ്യില്ല. എങ്കിലും ജീവനക്കാരെ വെറുപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ല.
അതിനുപകരം മറ്റുമാര്‍ഗങ്ങള്‍ ആലോചിക്കും. (1) പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറന്നുകൊടുത്തു റവന്യു വരുമാനം വര്‍ദ്ധിപ്പിക്കും (2) ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ നികുതി ഇനിയും കൂട്ടും (3) യൂസഫലി, വഹാബ്, രവിപിള്ള, സി.കെ.മേനോന്‍ മുതലായ പ്രവാസി വ്യവസായികളോട് സഹായം ചോദിക്കും (4) ഫാരിസ് അബുബക്കര്‍ ‘സകാത്’ തന്നാല്‍ അതും സ്വീകരിക്കും (5) ഡിഫി സഖാക്കളെ കൊണ്ട് ബക്കറ്റു പിരിവ് നടത്തിക്കും.
സാമ്പത്തിക ശാസ്ത്രത്തില്‍ സീമാതീത പാണ്ഡിത്യമുള്ള ആളാണ് ഡോ: തോമസ് ഐസക്ക്. എന്നാലും റിച്ചാര്‍ഡ് ഫ്രാങ്കിയോടുകൂടി അഭിപ്രായം തേടിയാല്‍ നല്ലതാണെന്നുമുള്ള ഉപദേശത്തോടുകൂടിയാണ് അഡ്വ.ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്
Post Your Comments