ജയ്പൂര്‍: രാജസ്ഥാനില്‍ മാനഭംഗത്തിന് ഇരയായ സ്ത്രീക്കൊപ്പം സെല്‍ഫിയെടുത്ത സംസ്ഥാന വനിതാ കമ്മിഷന്‍ അംഗത്തിന്റെ നടപടി വിവാദത്തില്‍. സംഭവത്തില്‍ വിശദീകരണം എഴുതി നല്‍കണമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പഴ്സണ്‍ ആവശ്യപ്പെട്ടു. സൗമ്യ ഗുര്‍ജാര്‍ എന്ന അംഗമാണ് മാനഭംഗത്തിനിരയായ സ്ത്രീയ്ക്കൊപ്പം സെല്‍ഫിയെടുത്തത്. ബുധനാഴ്ചയാണ് സംഭവം.
സെല്‍ഫിയെടുക്കുമ്പോള്‍ ചെയര്‍പഴ്സണ്‍ സുമന്‍ ശര്‍മയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മാനഭംഗത്തിന് ഇരയായ യുവതിയെ കാണുന്നതിന് ജയ്പൂര്‍ നോര്‍ത്തിലെ മഹിള പൊലീസ് സ്റ്റേഷനിലെത്തിയതായിരുന്നു സംഘം. ഇതിനിടെ രണ്ടു ചിത്രങ്ങളാണ് വനിതാ കമ്മിഷന്‍ അംഗം എടുത്തത്. ടാബ്‍ലെറ്റില്‍ എടുത്ത ചിത്രത്തില്‍ ചെയര്‍പഴ്സനും പോസ് ചെയ്യുന്നുണ്ട്.
എന്നാല്‍, മാനഭംഗത്തിന് ഇരയായ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്ബോള്‍ വനിത കമ്മിഷന്‍ അംഗം സെല്‍ഫിയെടുക്കുകയായിരുന്നു. സൗമ്യ സെല്‍ഫിയെടുക്കുമ്ബോള്‍ താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് ചെയര്‍പഴ്സന്റെ വിശദീകരണം. ഇത്തരം കാര്യങ്ങള്‍ ഞാന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. അതിനാലാണ് അംഗത്തില്‍ നിന്നു വിശദീകരണം എഴുതി വാങ്ങുന്നതെന്നും ചെയര്‍പേഴ്സന്‍ സുമന്‍ ശര്‍മ വ്യക്തമാക്കി.
സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃസഹോദരങ്ങളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയായ യുവതിക്കൊപ്പമാണ് വനിതാകമ്മിഷന്‍ അംഗങ്ങള്‍ സെല്‍ഫിയെടുത്തത്. മാനഭംഗപ്പെടുത്തിയശേഷം സ്ത്രീയുടെ കൈയിലും നെറ്റിയിലും പച്ചകുത്തിയിരുന്നു. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് സംഭവം. 51,000 രൂപ സ്ത്രീധനം നല്‍കണമെന്നാണ് ഭര്‍തൃകുടുംബം ആവശ്യപ്പെട്ടത്. ലഭിക്കാത്തതിനാല്‍ സ്ത്രീയെ സ്ഥിരം മര്‍ദിക്കുമായിരുവെന്നുമാണ് പരാതി. സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര വനിതാ – ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി നിര്‍ദേശിച്ചിരുന്നു.
Post Your Comments