ലക്നോ: ലക്നോയില്‍ കഴിഞ്ഞിരുന്ന ഗുംനാമി ബാബ, പ്രച്ഛന്നവേഷത്തിലുള്ള സുഭാഷ് ചന്ദ്രബോസ് ആയിരുന്നുവെന്നു പലരും സംശയം ഉന്നയിക്കുന്ന സാഹചര്യത്തിൽ ഇതേക്കുറിച്ചന്വേഷിക്കാന്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ യുപി സര്‍ക്കാര്‍ നിയോഗിച്ചു. റിട്ടയേഡ് ജഡ്ജി വിഷ്ണു സാഹായിയാണ് അന്വേഷണം നടത്തുക. ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം. അലാഹാബാദ് ഹൈക്കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണു നടപടിയെന്നു യുപി സര്‍ക്കാര്‍ വ്യക്തമാക്കി.
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ 1985 വരെ ജീവിച്ചിരുന്നയാളാണ് ഗുംനാമി ബാബ. അസാധാരണ വ്യക്തിതത്വമുള്ളയാളാണു ബാബയെന്ന് 2013 ല്‍ കോടതി നിരീക്ഷിച്ചിരുന്നു. ബാബയെക്കുറിച്ചുള്ള ദുരൂഹത തീര്‍ക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നു സര്‍ക്കാരിനോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
1985 വരെയുള്ള പത്തുവര്‍ഷത്തോളമാണ് അയോധ്യയിലും പരിസരപ്രദേശത്തും ബാബ കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കണമെന്നു നേതാജിയുടെ കൊച്ചുമകളും ഹൈദരാബാദിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിചാര്‍ മഞ്ചും ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേബാശിശ് പാണ്ഡേയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
Post Your Comments