
ബ്രിട്ടീഷ് ഭരണത്തിനെതിരായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അഗ്നിജ്വാലയായി നിലനിന്ന നേതാവായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്. സായുധ കലാപത്തിലൂടെ സ്വാതന്ത്ര്യം നേടാൻ ലക്ഷ്യമിട്ട് ആസാദ് ഹിന്ദ് ഫൗജ് രൂപീകരിച്ച ഇദ്ദേഹത്തെ 1945 ഓഗസ്റ്റ് 18 ന് കാണാതെയായി. ഈ തിരോധാനം ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിൽ ഒന്നാണ്.
തായ്‌പേയിൽ നടന്ന വിമാനാപകടത്തിൽ നേതാജി മരിച്ചതായി കരുതപ്പെടുന്നു. തായ്‌ഹോകുവിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷമാണ് വിമാനം തകർന്നത്. എന്നാൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കണ്ടെത്താൻ കഴിയാത്തതിനാൽ അദ്ദേഹം അപകടത്തിന് ശേഷവും ജീവിച്ചിരുന്നുവെന്നു വാദങ്ങൾ ഉയർന്നിരുന്നു. നേതാജിയുടെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് കണ്ടെത്താൻ ഇതുവരെയും രാജ്യത്തിനു കഴിഞ്ഞിട്ടില്ല.
സുഭാഷ് ചന്ദ്ര ബോസ് എന്ന നേതാജിയുടെ ജീവിത രേഖ
അഭിഭാഷകൻ ജാനകിനാഥ് ബോസിന്റെയും പ്രഭാവതിയുടെയും മകനായി 1897 ജനുവരി 23-ന് ഒറീസയിലെ കട്ടക്കിലാണ് സുഭാഷ് ചന്ദ്രബോസ് ജനിച്ചത്. കൽക്കട്ട പ്രവിശ്യയിലെ മെട്രിക്കുലേഷൻ പരീക്ഷയിൽ ഒന്നാമതെത്തിയ അദ്ദേഹം കൽക്കട്ടയിലെ സ്കോട്ടിഷ് ചർച്ചസ് കോളേജിൽ നിന്ന് ഫിലോസഫിയിൽ ഒന്നാം ക്ലാസോടെ ബിരുദം നേടി.
ചെറുപ്പത്തിലേ സ്വാമി വിവേകാനന്ദന്റെ പാഠങ്ങളാൽ ശക്തമായി സ്വാധീനിക്കപ്പെട്ട അദ്ദേഹം പിതാവിന്റെ നിർബന്ധത്തിന് വഴങ്ങി, ഇന്ത്യൻ സിവിൽ സർവീസസ് (ഐസിഎസ്) പരീക്ഷ എഴുതുന്നതിനായി 1919-ൽ ഇംഗ്ലണ്ടിലേക്ക് പോയി. ഇംഗ്ലണ്ടിൽ 1920-ൽ ഇന്ത്യൻ സിവിൽ സർവീസ് മത്സര പരീക്ഷ എഴുതിയ അദ്ദേഹം മെറിറ്റിന്റെ അടിസ്ഥാനത്തിൽ നാലാമതായി. മത്സര പരീക്ഷകളിൽ ഉയർന്ന സ്ഥാനം നേടിയെങ്കിലും ഇന്ത്യയിലേക്ക് തിരികെയെത്തി സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കാളിയാകുകയായിരുന്നു അദ്ദേഹം ചെയ്തത്.
ഇന്ത്യയിലേക്ക് മടങ്ങിയശേഷം നേതാജി സുഭാഷ് ചന്ദ്രബോസ് മഹാത്മാഗാന്ധിയുടെ സ്വാധീനത്തിൽ വരികയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുകയും ചെയ്തു. 1930-ലെ നിയമലംഘന സമരത്തിനിടെ സുഭാഷ് ചന്ദ്രബോസ് ജയിലിലായി. ഒരു വർഷത്തിന് ശേഷം ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് നേതാജി ജയിലിൽ നിന്നും മോചിതനാവുകയും അദ്ദേഹത്തെ യൂറോപ്പിലേക്ക് നാട് കടത്തുകയും ചെയ്തു ഇന്ത്യയിലേക്കുള്ള തന്റെ പ്രവേശന വിലക്ക് ലംഘിച്ച് മടങ്ങിയ അദ്ദേഹത്തെ ഒരു വർഷം ജയിലിൽ അടയ്ക്കുകയായിരുന്നു.
ലോകയുദ്ധത്തിന്റെ ആവശ്യങ്ങൾക്ക് ഇന്ത്യൻ വിഭവങ്ങളെയും മനുഷ്യരെയും ഉപയോഗിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച അദ്ദേഹത്തെ കൽക്കട്ടയിൽ വീട്ടുതടങ്കലിലാക്കി. 1941 ജനുവരിയിൽ കൊൽക്കത്തയിലെ വീട്ടിൽ നിന്ന് അപ്രത്യക്ഷനായ സുഭാഷ് ചന്ദ്രബോസ് അഫ്ഗാനിസ്ഥാൻ വഴി ജർമ്മനിയിലെത്തി.
‘ശത്രുവിന്റെ ശത്രു മിത്രമാണ്’ എന്ന തത്വമായിരുന്നു അദ്ദേഹം പിന്തുടർന്നത്. അങ്ങനെ, ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ജർമ്മനിയുടെയും ജപ്പാന്റെയും സഹകരണം തേടി. 1942-ൽ അദ്ദേഹം ജർമ്മനിയിൽ നിന്നും സിങ്കപ്പൂരിലെത്തി. സിങ്കപ്പൂരിലെ ഇന്ത്യൻ യുദ്ധത്തടവുകാരെ ഉൾപ്പെടുത്തി ആസാദ് ഹിന്ദ് ഫൗജ് (ഇന്ത്യൻ നാഷണൽ ആർമി) സംഘടിപ്പിച്ചു.
1945 ഓഗസ്റ്റ് 18-ന് തായ്‌വാനിലെ തായ്‌പെയിൽ (ഫോർമോസ) വിമാനാപകടത്തിൽ സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വിമാനാപകടത്തിന് ശേഷവും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Post Your Comments