NewsIndia

മുഖ്യമന്ത്രിക്ക് കടന്നുപോകാന്‍ വേണ്ടി ആംബുലന്‍സ് തടഞ്ഞു, ഒരു ജീവന്‍ പൊലിഞ്ഞു

ബെംഗളുരു: കര്‍ണ്ണാടകയിലെ ഹൊസ്കോടെയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനായി ഒരു ആംബുലന്‍സ് തടഞ്ഞത് മൂലം ഒരു സ്ത്രീ മരണമടഞ്ഞു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റ്‌ വൈറല്‍ ആകുന്നു. പക്ഷേ, പോലീസ് ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

ജൂണ്‍ 25-നാണ് ഇതുസംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റ്‌ വന്നിട്ടുള്ളത്. ഹൊസ്കോടെയ്ക്ക് സമീപം ചിക്ബല്ലാപൂര്‍-ചിന്താമണി ഹൈവേയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനവ്യൂഹം കടന്നുപോകാനായി ഒരു വൃദ്ധസ്ത്രീയേയും വഹിച്ചുകൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് തടഞ്ഞത്. വൃദ്ധസ്ത്രീയുടെ മകന്‍ പോലീസിനെക്കണ്ട് അഭ്യര്‍ത്ഥിച്ചെങ്കിലും ആംബുലന്‍സ് കടത്തിവിടാന്‍ അവര്‍ തയാറായില്ല. ബ്ലോക്ക് ചെയ്ത വാഹനങ്ങളില്‍ ഉണ്ടായിരുന്ന ആളുകളും ആംബുലന്‍സ് കടത്തിവിടണമെന്ന അഭ്യര്‍ത്ഥനയുമായി പോലീസിനെ സമീപിച്ചെങ്കിലും അവര്‍ കേട്ടഭാവം നടിച്ചില്ല. ഇതില്‍ കുപിതരായ ആള്‍ക്കാര്‍ പോലീസ് ബാരിക്കേഡുകള്‍ ബലമായി നീക്കം ചെയ്ത് ആംബുലന്‍സിനായി വഴിയൊരുക്കാന്‍ ശ്രമിച്ചെങ്കിലും ചെറിയൊരു ലാത്തിച്ചാര്‍ജിലൂടെ പോലീസ് ബാരിക്കേഡുകള്‍ പുനസ്ഥാപിച്ചു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ ശേഷം മാത്രമാണ് ബാരിക്കേഡുകള്‍ നീക്കം ചെയ്ത് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളെ കടത്തിവിട്ടത്. പക്ഷേ, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും വൃദ്ധസ്ത്രീയുടെ മരണം സംഭവിച്ചിരുന്നു.

ഈ സംഭവം മുഴുവന്‍ തന്‍റെ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ചന്ദ്രു എസ് എന്ന യാത്രക്കാരന്‍ പോലീസിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

പക്ഷേ, ഈ വാര്‍ത്തകളെ മുഴുവന്‍ കര്‍ണ്ണാടക സെന്‍ട്രല്‍ റേഞ്ച് പോലീസ് നിഷേധിച്ചിട്ടുണ്ട്. ആംബുലന്‍സ് തടഞ്ഞു എന്ന വാര്‍ത്ത സ്ഥിരീകരിച്ച പോലീസ് പക്ഷേ ആംബുലന്‍സില്‍ ഉണ്ടായിരുന്നത് നവീന്‍ എന്ന്‍ പേരുള്ള ഒരു രോഗി മാത്രമായിരുന്നു എന്നാണ് വിശദീകരിക്കുന്നത്. നര്‍സപുര ഗ്രാമവാസിയായ നവീന്‍റെ അവസ്ഥ ഗുരുതരമല്ലായിരുന്നു എന്നും, അയാളെ ഹൊസ്മത് ആശുപത്രിയിലേക്കായിരുന്നു കൊണ്ടുപോയിരുന്നത് എന്നും പോലീസ് വിശദീകരണത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button