ഈസ്റ്റംബുള്‍ : തുര്‍ക്കിയിലെ ഈസ്റ്റംബുള്‍ അതാതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തി ല്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. 239 പേര്‍ക്കു പരിക്കേറ്റു. ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു. ഈവര്‍ഷം ഇത് എട്ടാമത്തെ ചാവേര്‍ ആക്രമണമാണ് തുര്‍ക്കിയില്‍ നടന്നത്.ടാക്സി വാഹനത്തിലെത്തിയ മൂന്നു ഭീകരരാണ് അതാതുര്‍ക്ക് വിമാനത്താവളം ആക്രമിച്ചത്. ഒരാള്‍ വിമാനത്താവളത്തിനു പുറത്തു പൊട്ടിത്തെറിച്ചതിനു പിന്നാലെ മറ്റു രണ്ടുപേര്‍ തുരുതുരേ വെടിയുതിര്‍ത്ത് അകത്തേക്കു പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ ഒരാള്‍ പ്രവേശന കവാടത്തിനടുത്തു പൊട്ടിത്തെറിച്ചു.
രക്ഷപെട്ടോടിയ ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്ത മൂന്നാമത്തെ ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു വീഴ്ത്തി. വെടിയേറ്റ ഇയാള്‍ സുരക്ഷയുടെ ഭാഗമായുള്ള എക്സ് റേ പരിശോധനാ മേഖലയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ 13 വിദേശികള്‍ ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു. സൗദി, ചൈന, ടുണീഷ്യ, ഉക്രെയ്ന് എന്നി വിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക് സ്റ്റേറ്റിനെ സംശയിക്കുന്നതായി തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം. ആക്രമണത്തില്‍ കുര്‍ദിഷ് വിഘടനവാദികള്‍ക്കു പങ്കുള്ളതായും അഭ്യൂഹമുണ്ട്.
Post Your Comments