Kerala

മുറിവേറ്റ മൂര്‍ഖന്റെ കടിയേറ്റ് പാമ്പുപിടുത്തക്കാരന്‍ മരിച്ചു

കോട്ടയം : മുറിവേറ്റ മൂര്‍ഖന്റെ കടിയേറ്റ് പാമ്പുപിടുത്തക്കാരന്‍ മരിച്ചു. കോട്ടയം വാകത്താനം സ്വദേശി ബിജുവാണ് മരിച്ചത്. ഇന്നലെ പാമ്പിനെ പിടിക്കുന്നതിനിടയിലാണ് മുറിവേറ്റ പാമ്പിന്റെ കടിയേറ്റ് ബിജു മരിച്ചത്.

എരുമേലി സ്വദേശിയായ ബിജുവിന്റെ പുരയിടത്തില്‍ കയറിയ മൂര്‍ഖനെ പിടികൂടുന്നതിനാണ് പാമ്പു പിടുത്തക്കാരനായ ബിജു എരുമേലിയില്‍ എത്തിയത്. രണ്ടു തവണ പാമ്പിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ ജെസിബി ഉപയോഗിച്ച് പറമ്പ് ഇളക്കി മറിച്ചു. ഇതോടെ മൂര്‍ഖന്‍ പുറത്തു ചാടി. ജെസിബി ഉപയോഗിച്ച് മണ്ണ് ഇളക്കുന്നതിനിടയില്‍ മൂര്‍ഖന് ആഴത്തില്‍ മുറിവേറ്റിരുന്നു. പ്ലാച്ചേരി വനംവകുപ്പ് സ്‌റ്റേഷനിലെത്തിച്ച ശേഷം ചികിത്സക്കായി പാമ്പിനെ മൃഗാശുപത്രിയിലെത്തിച്ചു. ചികിത്സ നല്‍കാനായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചാക്കിന് പുറത്തെടുക്കുമ്പോഴാണ് ബിജുവിന് കടിയേറ്റത്. വലത് കൈയ്യിലും ഇടത് കൈയ്യിലെ വിരലിലുമാണ് കടിയേറ്റത്. കടിയേറ്റിട്ടും പിടിവിടാതെ പാമ്പിനെ ബിജു തന്നെ സുരക്ഷിതമായി ചാക്കിലാക്കി.

പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ബിജുവിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നില അതീവ ഗുരുതരമായി. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button