ന്യൂഡല്‍ഹി : വെളിപ്പെടുത്തിയിട്ടില്ലാത്ത സ്വത്തുവിവരം സെപ്റ്റംബര്‍ മുപ്പതിനകം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള അവസരം വിനിയോഗിച്ചു പൗരന്മാര്‍ തുടര്‍ന്നുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാതി’ലാണു മോദി വരുമാനം സ്വയം വെളിപ്പെടുത്താനുള്ള പ്രത്യേക പദ്ധതിയെ പരാമര്‍ശിച്ചത്. വരുമാനം പ്രഖ്യാപിച്ചു പിഴയൊടുക്കിയാല്‍ പലതരത്തിലുള്ള ബാധ്യതകളില്‍നിന്നു മോചനം നേടാനാകുമെന്നും മോദി ഉപദേശിച്ചു.
സ്വമേധയാ വെളിപ്പെടുത്തിയാല്‍ സ്വത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണമുണ്ടാകില്ലെന്നു താന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സുതാര്യ സമ്പ്രദായത്തിന്റെ ഭാഗമാകാനുള്ള നല്ല അവസരമാണു സര്‍ക്കാര്‍ നല്‍കുന്നത്. സ്വത്ത് സ്വമേധയാ വെളിപ്പെടുത്താത്തവര്‍ സെപ്റ്റംബര്‍ 30നു ശേഷം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നാല്‍ സഹായിക്കാന്‍ ശ്രമിക്കരുതെന്നു ബി.ജെ.പി എംപിമാരോടു താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മോദി വെളിപ്പെടുത്തി.
രാജ്യത്ത് അന്‍പതുലക്ഷത്തിനുമേല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ ഒന്നരലക്ഷം മാത്രമാണെന്ന കണക്കുകള്‍ ദഹിക്കാന്‍ പ്രയാസമാണ്. അന്‍പതുലക്ഷത്തിനുമേല്‍ വരുമാനമുള്ള ലക്ഷക്കണക്കിനാളുകള്‍ വന്‍നഗരങ്ങളിലുണ്ട്. സര്‍ക്കാര്‍ കടുത്ത നടപടികളെടുക്കുന്നതിനു മുന്‍പു ജനങ്ങള്‍ക്ക് ഒരവസരം നല്‍കുകയാണെന്നും മോദി പറഞ്ഞു.
Post Your Comments