മുംബൈ ● സിനിമാ നിര്‍മ്മാണക്കമ്പനിയുടെ മറവില്‍ പെണ്‍വാണിഭം നടത്തി വന്ന 24 കാരിയായ മോഡലിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ മുംബൈയിലെ വെര്‍സോവയില്‍ നിന്നാണ് രേഖ വൈഷ്ണവ് എന്ന മോഡലിനെ പോലീസ് പിടികൂടിയത്.
ഇവിടെ നിന്നും മോഡലിംഗിന് എന്നപേരില്‍ എത്തിച്ച രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
പെണ്‍വാണിഭകേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് രേഖ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വേശ്യാവൃത്തിയ്ക്കായി പണം നല്കി വാങ്ങിയതിന് ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 373 പ്രകാരവും വേശാവൃത്തി തടയുന്ന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും മോഡലിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
സിനിമാ മോഹവുമായെത്തുന്ന പെണ്‍കുട്ടികളെയാണ് രേഖ വലയില്‍ വീഴ്ത്തിയിരുന്നത്. ഇവരുടെ ചിത്രങ്ങള്‍ വാട്സ് ആപ്പില്‍ അയച്ചുനല്‍കിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് നഗ്നഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഈ ചിത്രങ്ങളാണ് പിന്നീട് ഇടപാടുകാര്‍ക്ക് കൈമാറിയിരുന്നത്. ഇടപാടുകാര്‍ക്ക് പെണ്‍കുട്ടികളെ ഇഷ്ടമായാല്‍ രേഖയാണ് തുക തീരുമാനിക്കുക. ഇങ്ങനെ ലഭിക്കുന്ന പണത്തില്‍ ചെറിയ ഒരു വിഹിതം മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നത്.
പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് ഒരു ഡയറിയും പെണ്‍കുട്ടികളുടെ നിരവധി ഫോട്ടോകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments