കുഴല്‍മന്ദം ● പാലക്കാട് കുഴല്‍മന്ദത്ത് 20 കാരികളായ ഇരട്ട പെണ്‍കുട്ടികളേയും മാതാപിതാക്കളേയും ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. മാത്തൂര്‍ നെല്ലിയം പറമ്പില്‍ ബാലകൃഷ്ണ്‍ (60), ഭാര്യ രാധാമണി (53), ഇരട്ടകളായ ദൃശ്യ (20), ദര്‍ശന (20) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
ബാലകൃഷ്ണന്‍-രാധാമണി ദമ്പതികളുടെ മകന്‍ ദിഗ് രാജ് ഒരു വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. പെണ്‍കുട്ടി താഴ്ന്ന ജാതിയില്‍പ്പെട്ടതായതിനാല്‍ വീട്ടില്‍ കയറാന്‍ ബാലകൃഷ്ണന്‍ അനുവദിച്ചില്ല. തന്റെ മകനെ ചതിയില്‍പ്പെടുത്തി വിവാഹം നടത്തിയെന്നായിരുന്നു ബാലകൃഷ്ണന്റെ നിലപാട്.
വിവാഹശേഷം ഗള്‍ഫിലേക്ക് പോയ ദിഗ് രാജ് അടുത്തിടെ ലീവിന് നാട്ടിലെത്തിയിരുന്നു. അടുത്തദിവസം തിരിച്ചുപോകുന്നതിന് മുന്‍പ് ഭാര്യയുമായി വീട്ടിലെത്തുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. അങ്ങനെയുണ്ടായാല്‍ താനും മക്കളും ജീവനൊടുക്കുമെന്ന് ബാലക്കൃഷ്ണന്‍ പറഞ്ഞിരുന്നു. അവധി കഴിഞ്ഞ് തിങ്കളാഴ്ച ഗള്‍ഫിലേയ്ക്ക് മടങ്ങുന്ന മകന്‍ ഞായറാഴ്ച ഭാര്യയുമായി എത്തുമെന്ന കണക്കുകൂട്ടലില്‍ ഇവര്‍ കൂട്ടആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആത്മഹത്യ ചെയ്യാനുള്ള ബാലകൃഷ്ണന്റെ തീരുമാനം ഭാര്യയും മക്കളും അനുസരിക്കുകയായിരുന്നുവെന്നും പോലീസ് കരുതുന്നു. മാതാപിതാക്കളുടേയും സഹോദരിമാരുടേയും മൃതദേഹം ആദ്യം കണ്ടതും മകന്‍ ദിഗ് രാജാണ്.
Post Your Comments