കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസ് സി.ബി.ഐക്ക് വിടാനുള്ള ഉത്തരവിന് സ്റ്റേ. പി.ജയരാജൻ, ടി.വി.രാജേഷ് എന്നിവർ നൽകിയ ഹർജിയിലാണ് നടപടി. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതാണ് ഡിവിഷൻ ബെഞ്ച് തടഞ്ഞത്.
കേസ് ഡയറി പരിശോധിക്കാതെയാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്, സി.ബി.ഐ അന്വേഷിക്കേണ്ട പ്രത്യേക സാഹചര്യം ഈ കേസിൽ ഇല്ല തുടങ്ങിയ പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയും മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകനുമായിരുന്ന അബ്‌ദുൽ ഷുക്കൂർ (21) സി.പി.എം ശക്‌തികേന്ദ്രമായ ചെറുകുന്ന് കീഴറയിൽ 2012 ഫെബ്രുവരി 20നു പകൽ ഒരു മണിക്കാണു കൊല്ലപ്പെട്ടത്. സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ (32–ാം പ്രതി) ടി.വി.രാജേഷ് (33–ാം പ്രതി) എന്നിവർ സഞ്ചരിച്ച വാഹനത്തിനു നേരെ അന്ന് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു.
പിന്നീട്, ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്ന ഷുക്കൂറിനെ സിപിഎം നേതാക്കളുടെ നിർദേശാനുസരണം തടഞ്ഞതിനു ശേഷം കൊലപ്പെടുത്തിയെന്നാണു കേസ്.
Post Your Comments