പൂനെ● തന്റെ ജീവന് നിലനിര്‍ത്താന്‍ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ കുഞ്ഞു വൈശാലിയെത്തി. വൈശാലി ആരാണെന്നറില്ലേ? മഹാരാഷ്ട്രയിലെ നിർധന കുടുംബത്തിൽ ജനിച്ച് കഠിനമായ ഹൃദ്രോഗത്തിന് അടിമപ്പെട്ട് ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കഴിയാതെ സഹായം തേടി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ ആറുവയസുകാരി. പൂനെയില്‍ വച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു.
രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വൈശാലിയുടെ ഹൃദയത്തിൽ സുഷിരം കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ ശാസ്ത്രക്രീയ അല്ലാതെ മറ്റുപോംവഴികള്‍ ഇല്ലെന്ന് വിധിയെഴുതി. എന്നാൽ പെയിന്റിംഗ് തൊഴിലാളിയായ പിതാവിന് ഓപ്പറേഷന് വേണ്ട വലിയ ഒരു തുക കണ്ടെത്തുക അസാധ്യമായിരുന്നു. മകളുടെ മരണം നേരില്ക്കാണേണ്ട അവസ്ഥയിലായിരുന്നു ആ കുടുംബം. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്ദ്ദേശപ്രക്രാരമായിരുന്നു പ്രധാനമന്ത്രിയ്ക്ക് കത്തെഴുതാന്‍ തീരുമാനിച്ചത്. വൈശാലി തന്നെ തന്റെ കൈപ്പടയിൽ പ്രധാനമന്ത്രിക്ക് തന്റെ ദയനീയവസ്ഥ വിവരിച്ച് കത്ത് എഴുതുകയായിരുന്നു.
വൈശാലി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ വാര്‍ത്ത ദേശീയശ്രദ്ധ നേടിയിരുന്നു. കത്ത് ലഭിച്ച ഉടന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടു. പൂനെ ജില്ലാ അഡ്മിനിസ്ട്രേഷന് വിഭാഗവുമായി ബന്ധപ്പെട്ട ശേഷം ഉടന്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് പൂനെ ജില്ലാ അധികൃതര്‍ പൂനെയിലെ പ്രശസ്തമായ റൂബി കോൾ ക്ലിനിക് ആശുപത്രിയെ വിവരമറിയിക്കുകയും പെൺകുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ജീവിതത്തിലേക്കുള്ള തിരിച്ചു വരവിലാണ് വൈശാലിയിപ്പോള്‍.
കഴിഞ്ഞ ദിവസം പൂനെയില്‍ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. ചടങ്ങിൽ പങ്കെടുക്കാൻ വൈശാലിക്ക് പ്രത്യേക ക്ഷണം ഭരണകൂടം നൽകിയിരുന്നു. ചടങ്ങിന് ശേഷം മോദി വൈശാലിയുടെ അടുത്തെത്തി. അസുഖ വിവരം ആരാഞ്ഞു. കവിളിൽ തലോടി തന്റെ സ്നേഹം പങ്ക് വെച്ച് അദ്ദേഹം വൈശാലിയോട് ആരാവണമെന്ന് ചോദിച്ചു, തനിക്ക് പഠിച്ച് വലിയ ഒരു പോലീസ് ഓഫീസറാകണമെന്നായിരുന്നു വൈശാലിയുടെ മറുപടി. ഇതിനു പുറമെ മിഠായികളും പ്രധാനമന്ത്രി വൈശാലിക്ക് സമ്മാനിച്ചു. വിലമതിക്കാനാവാത്ത നിമിഷങ്ങള്‍ എന്നാണ് കൂടിക്കാഴ്ചയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
Post Your Comments