![](/wp-content/uploads/2016/06/rajnath-singh_13_0_0_0_0_0_1_0_1_0.jpg)
ന്യൂഡല്‍ഹി: പാംപോറില്‍ എട്ടു സി.ആ.ര്‍പി.എഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെ ലക്ഷ്യമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഞങ്ങള്‍ ആദ്യം വെടിവയ്ക്കില്ല. പക്ഷെ പാക്കിസ്ഥാന്‍ വെടിയുതിര്‍ത്താല്‍ നോക്കിനില്‍ക്കില്ല. ശക്തമായ തിരിച്ചടിയുണ്ടാകും-രാജ്നാഥ് സിങ് പറഞ്ഞു. അയല്‍രാജ്യം ഇന്ത്യയില്‍ അസ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ഭീകരരും അയല്‍രാജ്യവും ഇന്ത്യയില്‍ അസ്ഥിരതയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ ഇന്ത്യയിലെ യുവാക്കള്‍ തയാറെടുക്കണം. ഇത്തരം നീക്കങ്ങളെ ചെറുക്കണം. ധീരതയോടെ കര്‍ത്തവ്യം നിര്‍വഹിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നലത്തെ ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ രണ്ടംഗ സംഘത്തെ നിയോഗിച്ചുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. എന്തെങ്കിലും തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താനും ഭാവിയില്‍ സൈനികരുടെ ജീവന്‍ നഷ്ടമാകാതിരിക്കാനുമാണ് ഇത്തരമൊരു തീരുമാനം. ആഭ്യന്തര സെക്രട്ടറിക്ക് ഇതു സംബന്ധിച്ച നിര്‍േദശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ ധീരതയെ ആഭ്യന്തരമന്ത്രി പ്രശംസിച്ചു. ഭീകരര്‍ അവരെ ആക്രമിച്ചെങ്കിലും നമ്മുടെ സൈനികര്‍ ധീരതയോടെ നേരിട്ടു. ആക്രമണം നടത്തിയ രണ്ടു ഭീകരരെയും വധിച്ചു. രാജ്യം ഈ സൈനികരെ ഒരിക്കലും മറക്കില്ല. അവര്‍ ഇപ്പോള്‍ നമ്മള്‍ക്കൊപ്പമില്ല. എന്നാല്‍ നമ്മുടെ പ്രാര്‍ഥന അവര്‍ക്കൊപ്പമുണ്ടാകും-രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.
പാംപോറിലുണ്ടായ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കിനെ കുറിച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും സൂചിപ്പിച്ചു. ആക്രമണം നിരാശയുടെ ഭാഗമായി ഉണ്ടായതാണെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ഒരു മാസത്തിനിടെ പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച 25-30 ഭീകരരെ യാണ് സൈന്യം വധിച്ചത്. ഭീകരരുടെ കയ്യില്‍ നിന്നും അവസരങ്ങള്‍ നഷ്ടപ്പെടുകയാണ്. വാര്‍ത്തകളില്‍ ഇടം നേടുന്നതിന് വേണ്ടിയാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നും പരീക്കര്‍ പറഞ്ഞു.
Post Your Comments