കോട്ടയം : ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിടരുതെന്ന് എന്‍.എസ്.എസ്. സര്‍ക്കാരിന്റെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും ബജറ്റ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ഇടതു സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ക്കുമെന്ന് എന്‍.എസ്.എസ് മുന്നറിയിപ്പ് നല്‍കി. യു.ഡി.എഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ സംഘടന എതിര്‍ത്തിരുന്നു. വര്‍ഗീയതയോടുള്ള യു.ഡി.എഫിന്റെ മൃദുസമീപനമാണ് തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിക്ക് കാരണമെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.
നിയമനങ്ങള്‍ പി.എസ്.സി വഴിയാക്കുമെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശപരമാണ്. ദേവസ്വം നിയമനങ്ങള്‍ സംബന്ധിച്ച് ധാരാളം വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചര്‍ച്ചകള്‍ക്കും കമീഷന്‍ റിപ്പോര്‍ട്ടുകള്‍ക്കും ശേഷമാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് രൂപം നല്‍കിയത്. ബോര്‍ഡിന്റെ പ്രവര്‍ത്തനം ശൈശവദശയിലാണ്. മതേതര സ്ഥാപനമായ പി.എസ്.സി ഒരു ഹൈന്ദവ സ്ഥാപന നിയമനത്തില്‍ ഇടപെടുന്നതായി ആക്ഷേപം ഉയരുമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശം വിഷയത്തിലെ നിലപാട് വ്യക്തമാക്കുന്ന പ്രമേയവും ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഓരോ ആരാധനാലയങ്ങളിലും നിലനില്‍ക്കുന്ന ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത അതാത് സമൂഹത്തിനുണ്ട്. ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മറ്റ് നിലപാടുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഈ പ്രമേയത്തില്‍ വിശദീകരിക്കുന്നു.
Post Your Comments