മൈസൂരു : മൈസൂര്‍ രാജാവ് യദുവീര്‍ കൃഷ്ണദത്തയുടെ വിവാഹ ചടങ്ങുകള്‍ക്ക് തുടക്കമായി. യദുവീര്‍ കൃഷ്ണ ദത്ത ചാമരാജ വാഡിയാര്‍ എന്ന ഇളമുറത്തമ്പുരാന്‍ പുലര്‍ച്ചെ രാജകുടുംബത്തിന്റെ ക്ഷേത്രമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലും കൊട്ടാരത്തിന്റെ ചുറ്റുമുള്ള എട്ട് ക്ഷേത്രങ്ങളിലും യദുവീര്‍ ദര്‍ശനം നടത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
തുടര്‍ന്ന് രാജഗുരു വഗീഷ ബ്രഹ്മതന്ത്ര പരകാല സ്വാമിയുടെ നേതൃത്വത്തില്‍ പാദപൂജ നടന്നു. നാളെ ക്ഷത്രിയ ആചാരപ്രകാരം രാജവംശത്തിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള തീര്‍ഥജലം കൊണ്ടുള്ള ശുദ്ധീകരണ പൂജകള്‍ നടക്കും. തിങ്കളാഴ്ചയാണ് രാജസ്ഥാനിലെ ഡുംഗര്‍പൂര്‍ രാജകുടുംബാംഗമായ ത്രിഷിക കുമാരിയുമായുള്ള യദുവീറിന്റെ വിവാഹം. 29 വരെ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്നതാണ് വിവാഹ ചടങ്ങുകള്‍.
രാജവിവാഹത്തിന്റെ ഭാഗമായി മൈസൂരുവില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൊട്ടാരത്തില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. വിവാഹചടങ്ങുകളിലും സല്‍ക്കാരത്തിലും മറ്റുമായി നിരവധിയാളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അംബാവിലാസ് കൊട്ടാരത്തിന് മുന്നില്‍ രണ്ടായിരംപേര്‍ക്കിരിക്കാനുള്ള പന്തലാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ വിവാഹത്തിന് പങ്കെടുക്കുമെന്നാണ് വിവരം.
Post Your Comments