ഹരിപ്പാട്: റോഡിലെ കുഴികള്‍ അടയ്ക്കുന്നതിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ മേല്‍നോട്ടം. ജോലി ചെയ്യിക്കാന്‍ റോഡിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പരസ്യമായി അഭിനന്ദിച്ച മന്ത്രി മുങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് പണിയും കൊടുത്തു. കൊല്ലം ജില്ലയിലെ നിലമേലും ആലപ്പുഴയിലെ ഹരിപ്പാടുമാണ് മന്ത്രി അപ്രതീക്ഷിതമായി റോഡിലിറങ്ങിയത്. വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്കുള്ള യാത്രയ്ക്കിടെയാണ് മന്ത്രി കുഴിയടയ്ക്കല്‍ നടക്കുന്നിടത്തിറങ്ങിയത്. എം.സി. റോഡിലെ നിലമേല്‍ ഭാഗത്ത് ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി എത്തിയത്. അവിടെ അസിസ്റ്റന്റ് എന്‍ജിനീയറുടെ ചുമതലയില്‍ കുഴിയടയ്ക്കുകയായിരുന്നു. ജോലി നോക്കിക്കണ്ട അദ്ദേഹം ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും അഭിനന്ദിച്ചു. അടൂര്‍ വഴി കായംകുളത്ത് ദേശീയപാതയിലേക്ക് വന്ന അദ്ദേഹം ഹരിപ്പാടിന് തെക്ക് ആര്‍.കെ. ജങ്ഷനില്‍ കുഴിയടക്കുന്നത് കണ്ട് ഇറങ്ങി. ആദ്യം ഉദ്യോഗസ്ഥരെയാണ് അന്വേഷിച്ചത്. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസി. എന്‍ജിനീയര്‍, ഓവര്‍സിയര്‍ തുടങ്ങി ആരും സ്ഥലത്തുണ്ടായിരുന്നില്ല. അപ്പോള്‍ തന്നെ ചീഫ് എന്‍ജീനീയറെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാതെ റോഡില്‍ തൊടാന്‍ കഴിയില്ലെന്ന് മന്ത്രി ബന്ധപ്പെട്ടവരെ ഓര്‍മപ്പെടുത്തി. സംഭവം സംബന്ധിച്ച് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരോട് വിശദീകരണം ചോദിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി. ഹരിലാല്‍ അറിയിച്ചു. റോഡിലെ കുഴി അടപ്പിക്കാന്‍ മന്ത്രി നേരിട്ടെത്തിയതിന്റെ സന്തോഷം പങ്കുവച്ച് യാത്രക്കാര്‍ കൂടി. കേരളത്തില്‍ ദേശീയപാത ഇത്രയും തകര്‍ന്നത് ഹരിപ്പാട്ട് മാത്രമാണെന്ന് മന്ത്രി പറഞ്ഞു. അടുത്തവര്‍ഷം വരെ ഗ്യാരന്റിയുള്ള റോഡാണിത്. നിര്‍മാണത്തിലെ അഴിമതിയാണ് റോഡ് കുഴിയാക്കുന്നത്. അഴിമതിക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പരസ്യമായി പറഞ്ഞു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ് അഞ്ചുദിവസത്തിനകം റോഡിലെ കുഴികള്‍ അടയ്ക്കാന്‍ 19 കോടി രൂപ അനുവദിച്ചെന്ന് പിന്നീട് വാര്‍ത്താകുറിപ്പില്‍ മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
Post Your Comments