ലണ്ടന്‍: ഒരു ജോലിക്ക് അപേക്ഷിക്കാന്‍ ഒരാള്‍ നേരിടുന്ന പ്രധാന വെല്ലുവിളി മികച്ച ബയോഡേറ്റ തയ്യാറാക്കുക എന്നതാണ്. കമ്പനിയെ ആകര്‍ഷിക്കുന്ന വിധം വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ബയോഡേറ്റ തയ്യാറാക്കുക അല്‍പം വിഷമകരം എന്ന് പറയാതെ വയ്യ. കഷ്ടപ്പെട്ട് ബയോഡേറ്റ തയ്യാറാക്കി അയച്ചാലോ, യോഗ്യത നോക്കി അഭിമുഖത്തിന് ക്ഷണിച്ച് അതില്‍ വിജയിച്ചാല്‍ മാത്രമേ ആശിച്ച ജോലി നേടിയെടുക്കാന്‍ സാധിക്കൂ. എന്നാല്‍ വൈവിധ്യമാര്‍ന്ന ബയോഡേറ്റ കൊണ്ട് മാത്രം ലണ്ടന്‍ ആസ്ഥാനമായുള്ള മാഗസിന്‍ കമ്പനിയില്‍ ജോലി നേടിയിരിക്കുകയാണ് ബംഗളുരുവിലുള്ള ഒരു യുവാവ്.
പേര് സുമുഖ് മേത്ത, വയസ് വെറും 21.
ജിക്യു എന്ന പ്രശസ്ത മാഗസിന്റെ ലണ്ടന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് സുമുഖിന് ജോലി ലഭിച്ചിരിക്കുന്നത്. സുമുഖ് ചെയ്തത് ഇത്രമാത്രം. ജോലിക്കായി അപേക്ഷിക്കാന്‍ ബയോഡേറ്റ തയ്യാറാക്കിയത് മാഗസിന്റെ മാതൃകയില്‍ തന്നെ. കവര്‍ പേജില്‍ തന്റെ ഫോട്ടോയും കഴിവുകളും, ഒപ്പം സ്‌പെഷ്യല്‍ റെസ്യൂം എഡിഷന്‍ എന്ന വാചകവും. പിന്നീടുള്ള ഓരോ പേജും ജിക്യു മാഗസിന്റെ പേജുകള്‍ പോലയാണ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ പേജിലും എന്തൊക്കയാണ് പറഞ്ഞിരിക്കുന്നതെന്ന് ഉള്ളടക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആകെ 20 പേജ് അടങ്ങുന്നതാണ് ഈ സുന്ദരമായ ബയോഡേറ്റ മാഗസിന്‍. ജോലി പരിചയം, വിദ്യാഭ്യാസ യോഗ്യതകള്‍, ഹോബി എല്ലാം വിശദമായി ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ബയോഡേറ്റ കണ്ടമാത്രയില്‍ തന്നെ ബ്രിട്ടീഷ് ജിക്യു കമ്പനിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് ദൈലാന്‍ ജോണ്‍സ് സുമുഖിനെ കമ്പനിയിലേക്ക് ക്ഷണിച്ചു. അഭിമുഖത്തിനല്ല, ജോലിയില്‍ പ്രവേശിക്കാന്‍.
മൂന്ന് ആഴ്ചകള്‍ എടുത്താണ് സുമുഖ് ഈ നവീനമായ ബയോഡേറ്റ തയ്യാറാക്കിയത്.
Post Your Comments