കോഴിക്കോട് : കര്‍ണാടക ഗുല്‍ബര്‍ഗയിലെ നഴ്‌സിങ് കോളജില്‍ റാഗിംഗിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി വിദ്യാര്‍ഥിനി അശ്വതിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല. ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബ് വഴി നല്‍കിയാണ് ഇപ്പോള്‍ അശ്വതിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
അശ്വതിയുടെ അന്നനാളത്തിന് ഗുരുതരമായ തകരാര്‍ സംഭവിച്ചതിനാല്‍ ഇന്നലെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ കൊണ്ടുപോയി എന്‍ഡോസ്‌കോപ്പി ചെയ്യാനുള്ള ശ്രമം വിജയിച്ചില്ല. രാസലായനി കടന്നുചെന്നതിനാല്‍ അന്നനാളത്തിലേക്കുള്ള കുഴല്‍ ചുരുങ്ങിപ്പോയിട്ടുണ്ട്. ഇതുവഴി എന്‍ഡോസ്‌കോപ്പിയുടെ കുഴല്‍കടത്താന്‍ കഴിയാത്തതാണ് പ്രശ്‌നം. എന്‍ഡോസ്‌കോപ്പി ചെയ്തശേഷമേ വിദഗ്ധചികിത്സയുടെ കാര്യങ്ങള്‍ നിര്‍ദേശിക്കാനാവൂ. ഇന്നു വീണ്ടും എന്‍ഡോസ്‌കോപ്പി ചെയ്യാന്‍ ശ്രമിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം കേരള പോലീസിന്റെ എഫ്.ഐ.ആര്‍. കിട്ടിയതോടെ ഗുല്‍ബര്‍ഗിലെ റാസ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തെളിവെടുപ്പിനായി അടുത്ത ദിവസം തന്നെ അവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുമെന്നാണു വിവരം. ഇന്നലെ രാവിലെ അശ്വതിയെ സന്ദര്‍ശിക്കാനെത്തിയ കെ. സോമപ്രസാദ് എം.പി. വിഷയം രാജ്യസഭയിലും ദേശീയ പട്ടികജാതി കമ്മിഷന്റെ ശ്രദ്ധയിലും പെടുത്തുമെന്നു മാധ്യമങ്ങളോടു പറഞ്ഞു.
Post Your Comments