ന്യൂഡല്‍ഹി: ബോക്‌സിങ് റിങ്ങിലെ ഇന്ത്യയുടെ ഉരുക്കുവനിത മേരികോമിന്റെ റിയോ ഒളിമ്പിക്‌സ് സ്വപ്നം അസ്തമിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ മേരി കോമിനെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കി റിയോ ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കാനുള്ള ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന്റെ അപേക്ഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി തള്ളുകയായിരുന്നു.
നേരത്തെ ഒളിമ്പിക് യോഗ്യതയ്ക്കുള്ള അവസാന ഘട്ടമായ ലോക ചാമ്പ്യന്‍ഷിപ്പില്‍ 51 കിലോഗ്രാം വിഭാഗം രണ്ടാം റൗണ്ടില്‍ മേരികോം പരാജയപ്പെട്ടതോടെയാണ് ബോക്‌സിങ് ഫെഡറേഷന്‍ വൈല്‍ഡ് കാര്‍ഡ് വഴി പ്രവേശനത്തിന് ശ്രമിച്ചത്. മറ്റ്ഇന്ത്യന്‍ താരങ്ങളൊന്നും യോഗ്യത നേടിയതുമില്ല. ഈ സാഹചര്യത്തിലാണ് അഞ്ച് വട്ടം ലോകചാമ്പ്യനായ മേരി കോമിനെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ റിയോയില്‍ എത്തിക്കാന്‍ ഫെഡറേഷന്‍ ശ്രമിച്ചത്.
മുന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുള്ള താരങ്ങള്‍ക്ക് യോഗ്യത നേടാനായില്ലെങ്കിലും രാജ്യത്തിന്റെ പ്രത്യേക പരിഗണനയില്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാനുള്ള അവസരമാണ് വൈല്‍ഡ് കാര്‍ഡിലൂടെ ഒളിമ്പിക് അസോസിയേഷന്‍ നല്‍കുന്നത്. വനിതാ ബോക്‌സിങ് ആദ്യമായി ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയ ലണ്ടനില്‍ മേരി കോം മാത്രമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചത്.
Post Your Comments