തിരുവനന്തപുരം: ബാങ്ക് ലയനത്തിന്റെ പേരുപറഞ്ഞ് ഓണ്‍ലൈനിലൂടെ വന്‍തോതില്‍ പണം തട്ടിപ്പ്. കഴിഞ്ഞദിവസങ്ങളില്‍ കോടിക്കണക്കിന് രൂപയാണ് കേരളത്തിലാകമാനം പല അക്കൗണ്ട് ഉടമകള്‍ക്കുമായി നഷ്ടമായത്. എസ്.ബി.ഐയില്‍ എസ്.ബി.ടി. ഉള്‍പ്പെടെയുള്ള സഹബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനമാണ് ആളുകളെ കബളിപ്പിക്കാന്‍ ഇപ്പോള്‍ തട്ടിപ്പ് സംഘങ്ങള്‍ വിശ്വസനീയമായ രീതിയില്‍ ഉപയോഗിക്കുന്നത്.
ബാങ്കുകള്‍ ലയിക്കുന്നതിനാല്‍ പഴയ എ.ടി.എം. കാര്‍ഡ് മാറ്റി പുതിയത് നല്‍കുന്നുവെന്ന് പറഞ്ഞാണ് വിളി.പഴയ കാര്‍ഡിന്റെ വിശദാംശങ്ങള്‍ കൈക്കലാക്കി ഓണ്‍ലൈനിലൂടെ പണം ചോര്‍ത്തുകയാണ് ചെയ്യുന്നത്. ലയനപ്രഖ്യാപനം വന്നുകഴിഞ്ഞതിനാല്‍ ഇതിന്റെ പേരിലുള്ള തട്ടിപ്പിന് ഇരകളെ എളുപ്പത്തില്‍ കിട്ടുന്നുണ്ട്. എസ്.ബി.ഐ.യുടെയും എസ്.ബി.ടി.യുടെയും അക്കൗണ്ട് ഉടമകളാണ് തട്ടിപ്പുകാരുടെ വലയില്‍ കൂടുതലായി കുടുങ്ങുന്നത്.
തട്ടിപ്പിന്റെ ലയനവഴി എസ്.ബി.ഐ. അക്കൗണ്ട് ഉടമയായ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി അനില്‍കുമാര്‍ കബളിപ്പിക്കപ്പെട്ടത് ഇങ്ങനെയാണ്. കഴിഞ്ഞ തിങ്കളാഴ്ച അനിലിനെ എസ്.ബി.ഐ.യുടെ ബാംഗ്ലൂര്‍ ഓഫീസില്‍നിന്നെന്നുപറഞ്ഞ് ഒരു സ്ത്രീ വിളിച്ചു. എസ്.ബി.ഐ.യും മറ്റ് ബാങ്കുകളും ലയിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. അതിനാല്‍ ബാങ്ക് എല്ലാവര്‍ക്കും പുതിയ എ.ടി.എം. കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നറിയിച്ചു. പരിശോധനയുടെ ഭാഗമായി അനിലിന്റെ വിലാസവും അക്കൗണ്ട് നമ്പരിന്റെ ആദ്യ നാലക്കങ്ങളും പറഞ്ഞു. കാര്‍ഡ് മാറ്റുന്നതിന്റെ ഭാഗമായി 32,000 രൂപ മതിക്കുന്ന ബോണസ് പോയിന്റ്സ് ലഭിക്കുമെന്നും രണ്ടുമാസത്തിനുള്ളില്‍ ഇത്രയും രൂപയുടെ സാധനങ്ങള്‍ വാങ്ങാമെന്നും അറിയിച്ചു. പുതിയ കാര്‍ഡ് ലഭിക്കാന്‍ പഴയ കാര്‍ഡിന്റെ നമ്പര്‍ ആവശ്യപ്പെട്ടു. അത് പറഞ്ഞു. ഒരു മിനിട്ടിനകം താങ്കളുടെ ഫോണില്‍ ആറക്കങ്ങളുള്ള ‘പ്രൊമോ കോഡ്’ സന്ദേശമായി ലഭിക്കുമെന്നും അത് അവരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. പറഞ്ഞപോലെ അനിലിന് സന്ദേശം ലഭിച്ചു. അയാള്‍ അത് അവര്‍ക്ക് പറഞ്ഞുകൊടുത്തു. തൊട്ടുപിന്നാലെ മറ്റൊരു സന്ദേശം വന്നു. ‘ഇ-ബേ’ എന്ന ഓണ്‍ലൈന്‍ വ്യാപാര സൈറ്റ് വഴി അനില്‍ 32,000 രൂപയുടെ സാധനം വാങ്ങിയിരിക്കുന്നു. അപ്പോഴാണ് അനിലിന് അമളി മനസ്സിലായത്. തന്റെ അക്കൗണ്ടില്‍ നിന്ന് പണംചോര്‍ത്തി അവര്‍ 32,000 രൂപയുടെ സാധനം വാങ്ങിയിരിക്കുന്നു. ഇത് ചോദ്യം ചെയ്ത അനിലിനോട് അവര്‍ ക്ഷമ ചോദിച്ചു. എന്തോ പിശക് സംഭവിച്ചെന്നും പണം തിരിച്ച് അക്കൗണ്ടിലേക്ക് ഇട്ടതിന്റെ മെസേജ് ഉടന്‍ ലഭിക്കുമെന്നും പറഞ്ഞു. അപ്പോള്‍ത്തന്നെ 32000 രൂപ അനിലിന്റെ അക്കൗണ്ടില്‍ തിരിച്ചിട്ടതായി മെസേജ് ലഭിച്ചു. എന്നാല്‍ ഉടന്‍ എ.ടി.എമ്മില്‍പ്പോയി നോക്കിയപ്പോള്‍ പണം നഷ്ടപ്പെട്ടതായി അനിലിന് മനസ്സിലായി. പണം മടക്കിയെന്നത് വ്യാജ സന്ദേശമായിരുന്നു. ബാങ്കില്‍ പരാതി അറിയിക്കാന്‍ ചെന്നപ്പോള്‍ 45,000 രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ട ഒരു സ്ത്രീയെയും അവിടെ അനില്‍ കണ്ടു.പണംപോയ ഇരുള്‍വഴി അനില്‍ കാര്‍ഡ് നമ്ബര്‍ വെളിപ്പെടുത്തിയപ്പോള്‍ തട്ടിപ്പുകാര്‍ അതുപയോഗിച്ച് ഓണ്‍ലൈന്‍ വ്യാപാര സൈറ്റില്‍ പണം ഒടുക്കുകയായിരുന്നു. പ്രെമോ കോഡ് എന്നുപറഞ്ഞ് അനിലിന് കിട്ടിയ സന്ദേശം യഥാര്‍ത്ഥത്തില്‍ ആ പണമിടപാട് ഉറപ്പിക്കാനുള്ള ഒറ്റത്തവണ പാസ്വേര്‍ഡ് (ഒ.ടി.പി) ആയിരുന്നു. ഇത് മനസ്സിലാക്കാന്‍ കഴിയാതെ ഒ.ടി.പി.യും കൂടി അനില്‍ വെളിപ്പെടുത്തിയതോടെ അവര്‍ക്ക് ആ ഇടപാട് പൂര്‍ത്തിയാക്കാനായി. മെസേജില്‍ കിട്ടിയത് ഒ.ടി.പി.യാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ തന്റെ ഒരു ബന്ധു തട്ടിപ്പില്‍നിന്ന് രക്ഷപ്പെട്ടതായും അനില്‍ പറഞ്ഞു.ബാങ്കുകള്‍ ലയിക്കുന്നുവെന്ന കാര്യം അറിയാവുന്ന തനിക്ക് പുതിയ കാര്‍ഡിന്റെ പേരിലുള്ള ഈ വിളി വിശ്വസനീയമായിത്തോന്നിയെന്ന് അനില്‍ പറയുന്നു. അനിലിലെപ്പോലെ തട്ടിപ്പിനിരയായ ഒട്ടേറെപ്പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ശാഖകളില്‍ എത്തിയതായി ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു.പിന്നില്‍ ടോക്കണ്‍ നമ്പര്‍ വിളി തട്ടിപ്പുകാര്‍ വിളിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ ‘നെക്സ്റ്റ് ടോക്കണ്‍ നമ്പര്‍…’ എന്ന ഇലക്‌ട്രോണിക് അനൗണ്‍സ്മെന്റ് പശ്ചാത്തലത്തില്‍ കേട്ടിരുന്നുവെന്ന് അനില്‍ പറഞ്ഞു. ബാങ്കില്‍നിന്നാണ് വിളിക്കുന്നതെന്ന് അക്കൗണ്ട് ഉടമകളെ ബോധ്യപ്പെടുത്താനുള്ള തന്ത്രമാണിത്.7065761931 എന്നതാണ് തട്ടിപ്പുകാര്‍ ഉപയോഗിച്ചിരിക്കുന്ന ഒരു നമ്പര്‍. ഒട്ടേറെ ഫോണ്‍ നമ്പരുകള്‍ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. ചില വിളികള്‍ ഇംഗ്ലീഷിലാണ്. ചിലര്‍ ഹിന്ദിയും മലയാളവും കലര്‍ത്തിയും. സ്ത്രീകളെക്കൊണ്ടാണ് തട്ടിപ്പുകാര്‍ സംസാരിപ്പിക്കുന്നത്.
ബാങ്ക് വിളിക്കാറേയില്ല ലയനം കാരണമോ അല്ലാതെയോ ആരെയും ബാങ്ക് അക്കൗണ്ട് ഉടമകളെ വിളിച്ച് വിശദാംശങ്ങള്‍ ആവശ്യപ്പെടാറില്ലെന്ന കാര്യം ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് എസ്.ബി.ടി.യുടെ ഐ.ടി. വിഭാഗം ജനറല്‍ മാനേജര്‍ എം.വരദരാജയ്യര്‍ അഭ്യര്‍ത്ഥിച്ചു. ബാങ്ക് ഇക്കാര്യം നിരന്തരം ബോധവത്കരിക്കുന്നുണ്ട്. എന്നിട്ടും ആളുകളെ കബളിപ്പിക്കാന്‍ ഇവര്‍ക്ക് എളുപ്പത്തില്‍ കഴിയുന്നു. ഇത്തരം വിളികള്‍ വന്നാല്‍ ഉടന്‍തന്നെ സൈബര്‍സെല്ലില്‍ പാരതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.പഴയ കള്ളന്‍, പുതിയ കപ്പല്‍ കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ ലയനത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടതായി എട്ട് പരാതികള്‍ ലഭിച്ചുവെന്ന് തിരുവനന്തപുരം സൈബര്‍ പോലീസ് സ്റ്റേഷന്‍ ഡി.വൈ.എസ്.പി. വി.രാജേഷ്കുമാര്‍ പറഞ്ഞു. മുമ്പും ഇത്തരം തട്ടിപ്പുനടത്തുന്ന നൈജീരിയക്കാരുടെ സംഘങ്ങളാണ് പുതിയ തട്ടിപ്പിന് പിന്നിലും എന്നാണ് സൈബര്‍ വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇത്തരം വിളികളോട് ഒരിക്കലും പ്രതികരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments