ന്യൂഡല്‍ഹി: ഇറാഖില്‍ ഐ.എസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ ജീവനോടെയുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇവര്‍ കൊല്ലപ്പെട്ടതായുള്ള മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ സുഷമ സ്വരാജ് ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് വ്യക്തമാക്കി. ന്യൂഡല്‍ഹി വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്.2014 ജൂണില്‍ ഇറാഖിലെ മൊസൂളില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഐ.എസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഹര്‍ജിത് മാസി 39 പേരും കൊല്ലപ്പെട്ടതായി പറഞ്ഞിരുന്നെങ്കിലും ഇതിന് തെളിവില്ലെന്നാണ് സുഷമയുടെ വാദം. എന്നാല്‍ രണ്ട് ഗള്‍ഫ് രാഷ്ട്രത്തലവന്മാര്‍ തന്നോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോടും പറഞ്ഞത് ഇവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് തന്നെയാണ്.
ഞാന്‍ എന്തെങ്കിലും തെറ്റായ വിവരത്തിന്റെ പുറത്തുള്ള ഉറപ്പല്ല പറയുന്നത്. ഇവര്‍ കൊല്ലപ്പെട്ടു എന്ന് ആധികാരികമായ വിവരം ലഭിച്ചിരുന്നെങ്കില്‍ അത് തുറന്നു പറയുമായിരുന്നു. കാര്യങ്ങള്‍ അങ്ങനെ അല്ലാത്തത് കൊണ്ട് തന്നെ അവരെ കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും സുഷമ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന കൊല്‍ക്കത്ത സ്വദേശി ജൂഡിത്ത് ഡിസൂസയുടെ മോചനത്തിന് വേണ്ടിയും ശ്രമം തുടരുകയാണെന്ന് സുഷമ സ്വരാജ് പറഞ്ഞു. ബംഗ്ലാദേശില്‍ രാമകൃഷ്ണ മിഷന്‍ സന്യാസിക്ക് നേരെ ഉയര്‍ന്ന വധഭീഷണി നിര്‍ഭാഗ്യകരമാണ്. ബംഗ്ലാദേശ് സര്‍ക്കാരുമായി ഇക്കാര്യത്തില്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ ബംഗ്ലാദേശില്‍ അക്രമം നടക്കുന്നുണ്ടെങ്കിലും അതിനെ അടിച്ചമര്‍ത്തുന്നതിന് ആവശ്യമായ ശക്തമായ നടപടികള്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഇത്തരം കേസുകളില്‍ 3000ത്തിലധികം പേരാണ് ബംഗ്ലാദേശില്‍ അറസ്റ്റിലായത്. ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതരും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു.
Post Your Comments