ന്യൂഡല്‍ഹി: ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഇന്ത്യ അംഗത്വം നേടുന്നതിനു ചൈന തടസ്സം നില്‍ക്കില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യയുടെ ഊര്‍ജനയത്തിന് എന്‍.എസ്.ജി അംഗത്വം അതിപ്രധാനമാണ്. പാക്കിസ്ഥാന് അംഗത്വം നല്‍കുന്നതിന് ഇന്ത്യ എതിരല്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതില്‍ ചൈന വിയോജിപ്പ് അറിയിച്ചതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സുഷമ സ്വരാജ്.
അതേസമയം, ഇന്ത്യയെ എന്‍.എസ്.ജിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ രണ്ടു ദിവസത്തെ ചൈനീസ് സന്ദര്‍ശനം നടത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ മാസം 16, 17 തീയതികളിലായിരുന്നു ചൈനീസ് വിദേശകാര്യ സെക്രട്ടറിയുമായുള്ള ജയശങ്കറിന്റെ കൂടിക്കാഴ്ച. എന്‍.എസ്.ജി ഉള്‍പ്പെടെയുള്ള പല വിഷയങ്ങളും ചര്‍ച്ച ചെയ്‌തെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് എന്‍.എസ്.ജി അംഗത്വം നല്‍കുന്നതില്‍ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെന്നാണ് ചൈനയുടെ നിലപാട്. ഇക്കാര്യത്തില്‍ അഭിപ്രായഐക്യം ഉണ്ടാകാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ചൈന വ്യക്തമാക്കിയിരുന്നു. 48 രാജ്യങ്ങള്‍ അംഗങ്ങളായ ഗ്രൂപ്പില്‍ ഇന്ത്യയുടെ അംഗത്വത്തിന് യു.എസ് സമ്മര്‍ദം ശക്തമായിരിക്കെയാണു വിയോജിപ്പു പരസ്യമാക്കി ചൈന രംഗത്തെത്തിയത്.
ആണവനിര്‍വ്യാപനക്കരാറില്‍ ഒപ്പു വയ്ക്കാത്ത രാജ്യങ്ങള്‍ക്ക് എന്‍.എസ്.ജി അംഗത്വം പാടില്ലെന്നാണു ചൈന അടക്കം ഏതാനും രാജ്യങ്ങളുടെ നിലപാട്. എന്നാല്‍, പാക്കിസ്ഥാന്റെ അംഗത്വ അപേക്ഷയെ ചൈന പിന്തുണച്ചതായും റിപ്പോര്‍ട്ടുണ്ട്. ചൈനയെ കൂടാതെ തുര്‍ക്കി, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രവേശനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. 20നു സോളില്‍ നടക്കുന്ന എന്‍.എസ്.ജി യോഗം ഏറെ നിര്‍ണായകമാണ്.
അംഗമല്ലെങ്കിലും നിലവില്‍ എന്‍.എസ്.ജി സൗകര്യങ്ങള്‍ ഇന്ത്യക്കുണ്ട്. 2008ല്‍ വരുത്തിയ ഭേദഗതിയിലൂടെയാണു യുഎസുമായി ആണവ സഹകരണത്തിന് ഇന്ത്യക്ക് അനുമതി ലഭിച്ചത്. എന്‍.എസ്.ജി അംഗത്വം ലഭിച്ചാല്‍ ആണവസാങ്കേതികവിദ്യയുടെ കയറ്റുമതിക്ക് ഇന്ത്യക്കു കഴിയും. ഐക്യകണ്‌ഠ്യേന മാത്രമേ എന്‍.എസ്.ജി അംഗത്വം സാധ്യമാകൂ. അതുകൊണ്ട് ചൈന മാത്രം എതിര്‍ത്താല്‍പ്പോലും ഇന്ത്യയുടെ അംഗത്വമോഹം പാഴാകും.
Post Your Comments