തലശ്ശേരിയില്‍ ദളിത് വനിതകള്‍ക്ക് നേരേയുണ്ടായ സിപിഎം അതിക്രമത്തെക്കുറിച്ചും, പിഞ്ചുകുട്ടിയുള്‍പ്പെടെ അതിക്രമത്തിനിരയായവരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തതിനെക്കുറിച്ചും തനിക്കൊന്നുമറിയില്ല, എല്ലാം പോലീസിനോട് ചോദിച്ചാല്‍ മതി എന്ന് പറഞ്ഞു കൈകഴുകാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നേതാവ് കെ.സുരേന്ദ്രന് രംഗത്ത്.
“തലശ്ശേരിയിലെ ദളിത് പെൺകുട്ടികൾക്കെതിരെ സിപിഎം നേതാക്കളും പോലീസും ചേർന്ന് നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ദില്ലിയിൽ പറഞ്ഞതിങ്ങനെ: ‘പോലീസിനോട് ചോദിച്ചാൽ മതി, എനിക്കൊന്നും പറയാനില്ല’. പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഈ കാര്യങ്ങളൊന്നും അറിയില്ലേ? പാർട്ടി പ്രവർത്തകരിലും പോലീസിലും ശ്രീ പിണറായി വിജയന് ഒരു നിയന്ത്രണവും ഇല്ലാതായോ?
സി പി എം ക്രിമിനലുകളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ സർക്കാറിനു സുഗമമായി ഭരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. പാർട്ടി നേതാക്കൾ പോലീസിനെക്കൊണ്ട് അതിക്രമങ്ങൾ ചെയ്യിക്കുകയാണ്. തലശ്ശേരിയിൽ ദളിത് പെൺകുട്ടികൾക്ക് സ്റ്റേഷനിൽ ജാമ്യം നൽകി വിടാൻ പോലീസ് തീരുമാനിച്ചതാണ്. പാർട്ടി നേതാക്കളുടെ ഭീഷണിക്ക് വഴങ്ങിയാണ് പോലീസ് ജാമ്യമില്ലാവകുപ്പ് ചേർത്ത് അവരെ ജയിലിലടച്ചത്.
തലശ്ശേരിയിൽ മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ലസിത പാലക്കലിന്റെ വീടും സിപിഎം പ്രവർത്തകർ അടിച്ചു തകർത്തിട്ടുണ്ട്. പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. മാർക്സിസ്റ്റ് നേതാക്കളുടെ ഇംഗിതത്തിനനുസരിച്ചു തുള്ളുന്ന പോലീസുദ്യോഗസ്ഥന്മാർക്കെതിരെ പ്രത്യേകം പ്രത്യേകമായി നിയമനടപടികൾ സ്വീകരിക്കേണ്ടിവരും. മനുഷ്യാവകാശകമ്മീഷൻ പോലുള്ള ഭരണഘടനാസ്ഥാപനങ്ങളിൽ ഇത്തരം ചുവന്ന പോലീസുകാർക്കെതിരെ പരാതികൾ സമർപ്പിക്കേണ്ടിവരും.
രാജ്യത്തെവിടെയെങ്കിലും ഒരതിക്രമം നടന്നാൽ നരേന്ദ്രമോദി മറുപടി പറയണമെന്ന് ബഹളംവെക്കുന്ന സാമൂഹ്യ സാംസ്കാരിക നായകന്മാരൊന്നും ഈ സംഭവത്തിൽ ഒരക്ഷരം മിണ്ടാൻ തയ്യാറായിട്ടില്ല. പുരസ്കാരം തിരിച്ചു കൊടുക്കാൻ രംഗത്തിറങ്ങിയ കപടബുദ്ധിജീവികൾ ഏതു മാളത്തിലാണ് പോയി ഒളിച്ചിരിക്കുന്നത്? സത്യത്തിൽ അക്രമകാരികളായ സി പി എം നേതാക്കളെപോലെതന്നെ ഈ കപടബുദ്ധിജീവികളും സാംസ്കാരികനായകന്മാരും സമൂഹത്തിനു വലിയ ദ്രോഹമാണ് ചെയ്യുന്നത്,” എന്നാണ് നവമാധ്യമങ്ങളില്‍ തന്റെ പ്രതികരണത്തിലൂടെ സുരേന്ദ്രന് ചോദിക്കുന്നത്.
Post Your Comments