മുംബൈ: കടല്‍ വഴിയുള്ള തീവ്രവാദം വലിയ വെല്ലുവിളിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കടല്‍ വഴിയുള്ള ആക്രമണം നടക്കാന്‍ സാദ്ധ്യതയുള്ള തുറമുഖങ്ങള്‍ കണ്ടെത്തുന്നതിന് രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തീരദേശ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ യോഗം മുംബൈയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 1993ല്‍ മുംബൈയിലെ റെയ്ഗാദ് വഴി ഭീകരര്‍ ആയുധങ്ങള്‍ കടത്തിയപ്പോഴും 2008ല്‍ തീവ്രവാദികള്‍ മുംബൈയില്‍ ആക്രമണം നടത്തിയതും തീരദേശങ്ങളിലെ സുരക്ഷാ പാളിച്ച തുറന്നു കാട്ടുന്നതായിരുന്നു. അതിനാല്‍ തന്നെ രാജ്യത്തെ തുറമുഖങ്ങള്‍ സുരക്ഷിതവും ഭീകരര്‍ക്ക് കടന്നു കയറാന്‍ കഴിയാത്തതുമാണെന്ന് ഉറപ്പു വരുത്തണം.
മുംബൈ ആക്രമണത്തിനു ശേഷം തീരദേശങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികളാണ് കൈക്കൊണ്ടത്. റഡാറും സ്വയംപ്രവര്‍ത്തിത തിരിച്ചറിയല്‍ സംവിധാനവും ഉപയോഗിച്ച് തീരദേശങ്ങളിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നുണ്ട്. തീരദേശ സുരക്ഷാ പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടം വിജയകരമായിരുന്നു. മൂന്നാം ഘട്ടം സര്‍ക്കാര്‍ തയ്യാറാക്കി വരികയാണ്. അതിന് ജനങ്ങളുടെ സഹായം കൂടിയേ തീരുവെന്നും മന്ത്രി പറഞ്ഞു. തീരസുരക്ഷ ശക്തമാക്കുന്നതിന് വേണ്ടി മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള പരസ്പര സമ്പര്‍ക്ക പരിപാടിയും കോസ്റ്റ് ഗാര്‍ഡ് ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം, തമിഴ്നാട്, ബംഗാള്‍, ഒഡിഷ, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളായ ദമാന്‍ & ദിയു, ദാദ്രസ നഗര്‍ ഹവേലി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവടങ്ങളില്‍ നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
Post Your Comments