ഗുഡ്ഗാവ്: ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തി. ഗുഡ്ഗാവില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന വരുണ്‍ മാലിക്(30) എന്ന യുവാവാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന്റെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം ആത്മഹത്യകുറിപ്പും വെച്ചിരുന്നു.
ഫെയ്സ്ബുക്കില്‍ ചിത്രങ്ങള്‍ കാണാനിടയായ വരുണിന്റെ സുഹൃത്തുക്കള്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി വരുണിനെ രക്ഷിക്കുകയായിരുന്നു.
ചില മാനസിക സമ്മര്‍ദ്ദങ്ങള്‍ ജീവിത്തില്‍ ഉണ്ട്. അതിനാലാണ് താന്‍ മരിക്കാന്‍ തീരുമാനിച്ചത്. തന്റെ മരണത്തിന് ആരും കാരണമല്ലെന്നും വരുണ്‍ കുറിച്ചു. താന്‍ ഒറ്റപ്പെട്ടു. ആരും തനിക്കൊപ്പമില്ല. ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ് വരുണ്‍ ആത്മഹത്യാ കുറിപ്പ് എഴുതിയത്. രക്തം വാര്‍ന്നൊഴുകുന്ന കൈയുടെ ചിത്രവും വരുണ്‍ പോസ്റ്റ് ചെയ്തു. ഇത് കണ്ട വരുണിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ ഗുഡ്ഗാവില്‍ വരുണിന്റെ വീടിനു സമീപമുള്ളവര്‍ ആരെങ്കിലുമുണ്ടോയെന്നും വരുണിനെ രക്ഷിക്കണമെന്നും സന്ദേശം അയച്ചു.
പൊലീസ് വരുണിന്റെ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ ബോധരഹിതനായി നിലത്തു കിടക്കുകയായിരുന്നു വരുണ്‍. ഉടന്‍ തന്നെ വരുണിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. വരുണിന്റെ നിലയില്‍ മാറ്റമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പിതാവിനൊപ്പമാണ് വരുണ്‍ താമസിക്കുന്നത്. വൃക്ക സംബന്ധമായ അസുഖമുണ്ടായിരുന്ന വരുണിന് അമ്മ വൃക്ക നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കു മുമ്പ് അമ്മ മരിച്ചു. ഇതിനു ശേഷം വരുണ്‍ മാനസികമായി തളര്ന്നിരിക്കുയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments