KeralaNews

കുറ്റവാളി പോലീസുകാര്‍ വേണ്ടെന്ന് പിണറായി : വാട്‌സ്ആപ്പിലൂടെ ഋഷിരാജ് സിങിന്റെ ഗര്‍ജ്ജനം

തിരുവനന്തപുരം : കുറ്റവാളിയായ ഒരു പോലീസുദ്യോഗസ്ഥനെയും സര്‍വീസില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. ഉന്നത പോലീസുദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മുഖ്യമന്ത്രിയെന്ന നിലയില്‍ കൃത്യമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 

രാഷ്ട്രീയ ഇടപെടലുകള്‍ പോലീസിന്റെ പ്രവര്‍ത്തനത്തെ താളംതെറ്റിക്കില്ലെന്നും പോലീസ് ആസ്ഥാനത്തു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കി. കുട്ടിക്കടത്ത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്കു നിര്‍ദേശം നല്‍കി.
കെട്ടിക്കിടക്കുന്ന കേസുകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കണം. മയക്കുമരുന്നു കേസുകളില്‍ ഒത്തുതീര്‍പ്പുണ്ടാക്കരുത്. തീവ്രവാദത്തിനെതിരേ സദാ ജാഗ്രത പുലര്‍ത്തണം. ജനങ്ങളോടു മാന്യമായി പെരുമാറാത്ത പോലീസുകാര്‍ക്കെതിരേ മുഖംനോക്കാതെ ശക്തമായ നടപടിയെടുക്കും. പോലീസിന്റെ പെരുമാറ്റമാണ് പലപ്പോഴും വിവാദങ്ങളുണ്ടാക്കുന്നത്. ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധവേണം. ഗുണ്ടകളെയും മാഫിയകളെയും അമര്‍ച്ച ചെയ്യണം. അന്വേഷണത്തിന് ശാസ്ത്രീയ രീതികള്‍ അവലംബിക്കണം. സ്ത്രീസുരക്ഷയ്ക്ക് അധിക പ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണ് ഇത്.
പോലീസ് സേന അഴിമതിമുക്തമായിരിക്കണം. ഉന്നതങ്ങളിലെ അഴിച്ചുപണിയില്‍ ചിലര്‍ക്കുണ്ടാകുന്ന വിയോജിപ്പ് കാര്യമാക്കില്ല. വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കു പ്രസക്തിയില്ല.

മാത്രമല്ല , പരസ്യവിഴുപ്പലക്കലുകള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടാകരുതെന്നു പിണറായി മുന്നറിയിപ്പു നല്‍കി. ജനങ്ങളോടുള്ള പെരുമാറ്റം മാതൃകാപരമാകണം. പോലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാരോട് മാന്യമായി പെരുമാറാനും ആവലാതികള്‍ കേള്‍ക്കാനും ഉദ്യോഗസ്ഥര്‍ സമയം കണ്ടെത്തണം. താഴേത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നെന്ന് ഉറപ്പുവരുത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. 20 വര്‍ഷത്തിലേറെയായി മേലധികാരിയുടെ പരിശോധന നടക്കാത്ത പോലീസ് സ്റ്റേഷനുകളുണ്ട്. ഇക്കാര്യത്തില്‍ മാറ്റമുണ്ടാകണം. രാത്രി പട്രോളിങും മറ്റും കാര്യക്ഷമമായി നടത്തണം. ദുരന്തങ്ങള്‍ സംഭവിച്ചിട്ട് അന്വേഷണം നടത്തുന്നതിനേക്കാള്‍ നല്ലത് അതൊഴിവാക്കാന്‍ ശ്രമിക്കുന്നതാണ്. രഹസ്യാന്വേഷണവിഭാഗത്തില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കാനും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനും ശ്രമിക്കണം. ദളിതര്‍ക്കും വയോജനങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേക കര്‍മ്മപദ്ധതി തയാറാക്കണം.
പോലീസുകാരുടെ സര്‍വീസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഉന്നത പോലീസുദ്യോഗസ്ഥരായ എ. ഹേമചന്ദ്രന്‍, എന്‍. ശങ്കര്‍ റെഡ്ഡി, എസ്. ആനന്ദകൃഷ്ണന്‍, ആര്‍. ശ്രീലേഖ, ഡോ. ബി. സന്ധ്യ, ഷെയ്ഖ് ദര്‍വേശ് സാഹിബ്, ഐ.ജി. മനോജ് ഏബ്രഹാം, സിറ്റി പോലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറും യോഗത്തിനെത്തിയില്ല. സീനിയര്‍ ഡി.ജി.പിമാരായ തങ്ങള്‍ യോഗത്തിനെത്തുന്നതു ശരിയല്ലെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്.

അതിനിടയില്‍ വയര്‍ലെസ് സെറ്റില്ലാത്ത എക്‌സൈസില്‍ തത്സമയ നിര്‍ദേശങ്ങളോടെ വാട്‌സ് ആപ്പ് ‘ഗര്‍ജ്ജിക്കുന്നു’. സേനാംഗങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ നിറവേറ്റാനായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങാണു പുതിയ വാട്‌സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. പോലീസ് നിയന്ത്രണം വയര്‍ലസ് സെറ്റു വഴിയാണെങ്കില്‍ ഇപ്പോള്‍ എക്‌സൈസില്‍ വാട്‌സ് ആപ്പ് വഴിയാണു തല്‍സമയ നിര്‍ദേശങ്ങളും ഉത്തരവും വരുന്നത്. എക്‌സൈസ് സീനിയര്‍ ഓഫീസേഴ്‌സ് എന്ന പേരില്‍ 42 പേരടങ്ങുന്ന ഗ്രൂപ്പാണു കമ്മിഷണര്‍ ആരംഭിച്ചത്. ഇതോടെ മൊബൈല്‍ ഫോണില്‍ ബീപ്പ് ശബ്ദം കേട്ടാല്‍ എക്‌സൈസ് സേന മുഴുവന്‍ ജാഗരൂകരാവുകയാണ്. ഋഷിരാജ്‌സിങ് തന്നെയാണു ഗ്രൂപ്പിന്റെ അഡ്മിന്‍. സേനയിലെ സീനിയര്‍ ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തിയാണു ഔദ്യോഗിക സിമ്മില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നത്. നാല് എക്‌സൈസ് ജോയിന്റ് കമ്മിഷണര്‍മാര്‍, 20 ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍, 14 അസി.കമ്മിഷണര്‍മാര്‍ എന്നിവര്‍ അടങ്ങുന്നതാണു ഗ്രൂപ്പ്. ആദ്യമായാണു വാട്‌സ് ആപ്പ് ഗ്രൂപ്പു വഴി എക്‌സൈസ് സേനയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

അതതു ദിവസങ്ങളില്‍ പ്രാധാന്യം നല്‍കേണ്ട വിഷയങ്ങളെക്കുറിച്ച് അതിരാവിലെ തന്നെ കമ്മിഷണറുടെ സന്ദേശമെത്തും. ഓരോ ജില്ലയിലും പ്രത്യേകമായി ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളെപ്പറ്റിയാണു പ്രധാനമായും നിര്‍ദേശങ്ങള്‍ വരുന്നത്. ഇതിനു പുറമേ കമ്മിഷണര്‍ക്കു നേരിട്ടു ലഭിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തേണ്ടതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ുന്നുണ്ട്. എക്‌സൈസില്‍ ലഭിക്കുന്ന പരാതികളില്‍ കാലതാമസം കൂടാതെ നടപടി സ്വീകരിക്കുന്നുണ്ടെന്നു പൊതുജനങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കുന്നതിനുകൂടി വേണ്ടിയാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button