NewsIndiaInternational

അതിര്‍ത്തികളില്ലാത്ത മഹാവിപത്താണ് തീവ്രവാദം; രാഷ്ട്രപതി പ്രണബ് മുഖര്‍ജി

ഘാന: അതിര്‍ത്തികളില്ലാത്ത മഹാവിപത്താണ് തീവ്രവാദമെന്നും ഇത് കൂട്ടായ പരിശ്രമത്തിലൂടെ ഇല്ലായ്മ ചെയ്യണമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഘാനയിലത്തെിയ രാഷ്ട്രപതിക്ക് പ്രസിഡന്‍റ് ജോണ്‍ ദ്രമാനി മഹാമ നല്‍കിയ വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദം നേരിടുന്നതിന് ഘാനക്ക് ഇന്ത്യയുടെ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഭീകരവാദത്തിന് ഏതെങ്കിലും പ്രത്യയശാസ്ത്രവുമായി ബന്ധമില്ല. അതിന്‍റെ ബന്ധം ‘നശീകരണം’ എന്ന ദര്‍ശനത്തോട് മാത്രമാണ്. ഇന്ത്യ കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഈ വിപത്തിന്‍റെ ഭീഷണി നേരിടുന്നുണ്ട്. ഈ വെല്ലുവിളിക്കെതിരായ ഘാനയുടെ പരിശ്രമങ്ങള്‍ക്ക് എല്ലാവിധ ഐക്യദാര്‍ഢ്യവുമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

 

ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള പതിറ്റാണ്ടുകളുടെ ബന്ധം രാഷ്ട്രപതി പ്രസംഗത്തില്‍ എടുത്തുപറയുകയും രബീന്ദ്രനാഥ ടാഗോറിന്‍റെ ‘ആഫ്രിക്ക’ എന്ന കവിതയിലെ വരികള്‍ ഉദ്ധരിക്കുകയും ചെയ്തു. ഇന്ത്യക്ക് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ അംഗത്വം ലഭിക്കാത്തതില്‍ അസ്വാഭാവികതയുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

 

ചടങ്ങില്‍ ഘാന പ്രസിഡന്‍റ് മഹാത്മാഗാന്ധിയുടെ വാചകങ്ങള്‍ ഉദ്ധരിക്കുകയും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും ഘാനയുടെ പ്രഥമ പ്രസിഡന്‍റ് വാമെ റൂമയും തമ്മിലുണ്ടാക്കിയ കരാര്‍ ഓര്‍മിപ്പിക്കുകയും ചെയ്തു. വാമെ റൂമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ പ്രഥമ രാഷ്ട്രപതി രാജേന്ദ്രപ്രസാദിനൊപ്പം നില്‍ക്കുന്ന ചിത്രം ചടങ്ങില്‍ രാഷ്ട്രപതി മഹാമക്ക് നല്‍കി. ഘാനയുടെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള പരിശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ സഹായം രാഷ്ട്രപതി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതാദ്യമായാണ് ഇന്ത്യന്‍ രാഷ്ട്രപതി ഘാന സന്ദര്‍ശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button