ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്യപിച്ച് വാഹനമോടിച്ച 21 കാരന്റെ അശ്രദ്ധമായ ഡ്രൈവിങ് മൂലം പൊലിഞ്ഞത് രണ്ട് ജീവന്‍. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ, പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജനകപുരിയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം റിഷഭ് തന്റെ അച്ഛന്റെ ഹോണ്ടാ സിറ്റി കാറില്‍ 100 കിലോ മീറ്ററിലധികം വേഗതയില്‍ വരുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന റിഷഭ് ഒന്നര കിലോമീറ്ററിനുള്ളില്‍ മൂന്ന് വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു. അപകടങ്ങള്‍ക്ക് ശേഷവും നിര്‍ത്താതെ പോയ കാര്‍ പോലീസ് പിന്തുടര്‍ന്ന് തടയുകയായിരുന്നു.
പ്രഭാത സവാരിക്കിറങ്ങിയ കാമേശ്വര്‍ പ്രസാദായിരുന്നു റിഷഭിന്റെ ആദ്യ ഇര.
തുടര്‍ന്ന് വഴിയരികില്‍ കാര്‍ വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സന്തോഷിനെയും ഇടിച്ച് തെറിപ്പിച്ചു. പ്രഭാതസവാരിക്കിറങ്ങിയ അശ്വാനി ആനന്ദിനേയും ഇടിച്ചിട്ട ശേഷം പോലീസ് കാര്‍ തടഞ്ഞതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി.
ആനന്ദിന്റെ അപകടം നടന്നിടത്തു നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളാണ് പോലീസിനെ കാര്‍ തിരിച്ചറിയാന്‍ സഹായിച്ചത്. പോലീസ് പട്രോളിങ് ടീം പിന്തുടര്‍ന്നാണ് റിഷഭിനെ കസ്റ്റഡിയിലെടുത്തത്. കാമേശ്വര്‍ പ്രസാദും (40), ആനന്ദും (67) സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സന്തോഷ് (40) ഗുരുതരമായി പരിക്കറ്റ് ചികിത്സയിലാണ്. ഡല്‍ഹിയിലെ വ്യവസായിയുടെ മകനാണ് റിഷഭ്. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ഥിയാണ് അപകടമുണ്ടാക്കിയ റിഷഭ്.
Post Your Comments