NewsInternational

ലോകത്തെ നടുക്കിയ യു.എസിലെ കൂട്ടക്കൊലക്കു പിന്നില്‍ ഐ.എസ് !!!

ഒര്‍ലാന്‍ഡോ: യു.എസ് സംസ്ഥാനമായ ഫ്‌ളോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ അതിക്രമിച്ചു കടന്ന യുവാവ് നടത്തിയ വെടിവയ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 53 പേര്‍ക്കു പരുക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ വിനോദസഞ്ചാരകേന്ദ്രമായ ഒര്‍ലാന്‍ഡോയിലെ ‘പള്‍സ്’ ക്ലബില്‍ കടന്ന തോക്കുധാരി ചുറ്റുപാടും വെടിയുതിര്‍ക്കുകയായിരുന്നു.മണിക്കൂറുകള്‍ക്കുശേഷം അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. ഫ്േളാറിഡയില്‍ താമസക്കാരനായ ഒമര്‍ സാദിഖ് മാറ്റീന്‍ (29) ആണു വെടിവയ്പ് നടത്തിയതെന്നു പൊലീസ് അറിയിച്ചു. ഭീകരസംഘടനയായ ഐ.എസിനോടു അനുഭാവമുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ യുവാവിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടതോടെ, ഭീകരാക്രമണമാണെന്ന സംശയം ശക്തമായി.

അമേരിക്കയുടെ ചരിത്രത്തില്‍ ഒരാള്‍ നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. പുലര്‍ച്ച രണ്ടോടെ തോക്കുകളുമായി ക്ലബിലേക്ക് എത്തിയ യുവാവിനു നേരെ കാവലിലുണ്ടായിരുന്ന പൊലീസുകാരന്‍ വെടിയുതിര്‍ത്തു. തുടര്‍ന്നു ക്ലബില്‍ പ്രവേശിച്ച ഇയാള്‍ അവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കി വെടിവയ്പ് തുടരുകയായിരുന്നു. മൂന്നു മണിക്കൂറിനുശേഷമാണു പൊലീസ് സംഘം ക്ലബില്‍ ഇരച്ചുകയറി അക്രമിയെ വെടിവച്ചുവീഴ്ത്തിയത്. അക്രമിയുടെ വെടിയേറ്റാണോ ഏറ്റുമുട്ടലിനിടയിലാണോ ക്ലബിലുണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടതെന്നു വ്യക്തമല്ല. ക്ലബിനുള്ളില്‍ പൊലീസ് നിയന്ത്രിത സ്‌ഫോടനം നടത്തിയതായും പറയുന്നു. പൊലീസ് ക്ലബിനുള്ളില്‍ കയറിയതുകൊണ്ടാണു 30 പേരെ രക്ഷിക്കാനായതെന്ന് അധികൃതര്‍ പറഞ്ഞു. കനത്ത ആയുധസന്നാഹവുമായാണു അക്രമി എത്തിയത്.ഭീകരാക്രമണസാധ്യത വിശദമായി അന്വേഷിച്ചുവരികയാണെന്നും അക്രമി ഐ.എസ് അനുഭാവിയാണെന്ന് സംശയിക്കുന്നതായും എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെടിവയ്പിനു പിന്നാലെ ഐ.എസ് അനുഭാവ ട്വിറ്ററില്‍ അക്രമിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടെങ്കിലും ഐ. എസ് ഔദ്യോഗിക പ്രസ്താവനയിറക്കിയിട്ടില്ല. ഒര്‍ലാന്‍ഡോയില്‍ വെള്ളിയാഴ്ച രാത്രി യുവ ഗായിക ക്രിസ്റ്റിന ഗ്രിമ്മി സംഗീതപരിപാടിക്കുശേഷം യുവാവിന്റെ വെടിയേറ്റു മരിച്ചതിനു പിന്നാലെയാണ് ഇന്നലെത്തെ കൂട്ടക്കൊല. 9/ 11 ഭീകരതയ്ക്കുശേഷം നടുക്കമായി കൂട്ടക്കൊല സെപ്റ്റംബര്‍ 11 ന്റെ ന്യൂയോര്‍ക്ക് ഭീകരാക്രമണത്തിനുശേഷം അമേരിക്ക നടുങ്ങിയ ഏറ്റവും വലിയ കൂട്ടക്കൊലയായി ഫ്േളാറിഡയിലെ നിശാക്ലബിലെ ആക്രമണം. 2001 സെപ്റ്റംബര്‍ പതിനൊന്നിനു വേള്‍ഡ് ട്രേഡ് സെന്ററിലേക്കും പെന്റഗണിലേക്കും അല്‍ഖ്വയിദ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചുകയറ്റി നടത്തിയ ആക്രമണങ്ങളില്‍ മൊത്തം 2976 പേരാണ് കൊല്ലപ്പെട്ടത്. 2007ല്‍ വെര്‍ജീനിയ സര്‍വകലാശാലയിലുണ്ടായ വെടിവയ്പില്‍ 32 പേരും 2012ല്‍ സാന്‍ഡി ഹുക്ക് സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 27 പേരുമാണു കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button