ശ്രീനഗര്‍: കശ്മീര്‍ പണ്ഡിറ്റുകളുടെ വാര്‍ഷിക ചടങ്ങായ ഖീര്‍ ഭവാനി പൂജയില്‍ പങ്കെടുക്കാന്‍ ഇന്നലെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നേരിട്ടെത്തി. പൂജയില്‍ പങ്കാളിയായ മുഫ്തി പാലഭിഷേകവും പുഷ്പാര്‍ച്ചനയും നടത്തുകയും പ്രാര്‍ത്ഥിയ്ക്കുകയും ചെയ്തു. പണ്ഡിറ്റുകളെ നേരിട്ടുകണ്ട് അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കല്ലേറില്‍ പരിക്കേറ്റവരെ കാണുകയും ആശ്വസിപ്പിയ്ക്കുകയും ചെയ്തു. റംസാന്‍ വ്രതകാലത്ത് മുഖ്യമന്ത്രിയുടെ ഈ അസാധാരണ നടപടി ബി.ജെ.പി-പി.ഡി.പി സര്‍ക്കാരിന്റെ സംസ്ഥാനത്തെ മഹനീയമായ ചുവടുവെയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്. ഇത് ജമ്മു കശ്മീരില്‍ നിന്ന് പലായനം ചെയ്ത പണ്ഡിറ്റുകള്‍ക്ക് ആശ്വാസവും പ്രതീക്ഷയും വര്‍ദ്ധിപ്പിച്ചു.
സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്താനാഗ്രഹിച്ചു കഴിയുന്ന അവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുനരധിവാസ പ്രഖ്യാപനം ആശ്വാസമായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പ്രതിവര്‍ഷ ഖീര്‍ ഭവാനി പൂജയില്‍ പങ്കെടുക്കാന്‍ എത്തിയ പണ്ഡിറ്റുകള്‍ക്കു നേരേ ചിലര്‍ നടത്തിയ കല്ലേറില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.
വര്‍ഷം തോറും നടക്കാറുള്ള ഖീര്‍ ഭവാനി ക്ഷേത്രത്തിലെ പൂജയ്ക്ക് പലായനം ചെയ്ത പണ്ഡിറ്റുകള്‍ പലരും ഗണ്ഡേര്‍ബാലില്‍ എത്താറുണ്ട്. തലസ്ഥാനത്തുനിന്ന് 35 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. കാശ്മീര്‍ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഏറെ സംഘര്‍ഷഭരിതമായിരുന്നു പൂജ. കഴിഞ്ഞ ദിവസം പൂജയ്ക്കെത്തിയ പണ്ഡിറ്റുകള്‍ സഞ്ചരിച്ചിരുന്ന ബസ്സിനു നേരേ ഉണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് സാരമായ പരിക്കേറ്റിരുന്നു.
ഇന്നലെ ക്ഷേത്രം സന്ദര്‍ശിച്ച മുഖ്യമന്ത്രി മെഹബൂബ മടങ്ങിവരുന്ന പണ്ഡിറ്റുകള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പു നല്‍കി. കഴിഞ്ഞ ദിവസം ഉണ്ടായ ചില അനിഷ്ട സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഇവിടെ കശ്മീരികള്‍ ആക്രമിക്കപ്പെട്ടാല്‍ സംസ്ഥാനത്തിനു പുറത്തുള്ള കശ്മീരികള്‍ക്ക് അവരുടെ നിത്യജീവിതം സംഘര്‍ഷഭരിതമാക്കും, മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
പണ്ഡിറ്റുകള്‍ക്ക് മടങ്ങിവരാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി ആദ്യം അവര്‍ അഭയാര്‍ത്ഥികള്‍ക്ക് തയ്യാറാക്കിയിരിക്കുന്ന പൊതു സംവിധാനത്തില്‍ പാര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിച്ചു. അതിനുശേഷം അവരവര്‍ക്ക് എവിടെ താമസിയ്ക്കണമോ അവിടെ സൗകര്യം ചെയ്തുകൊടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മെഹബൂബ പറഞ്ഞു. പണ്ഡിറ്റുകളെ നേരിട്ടുകണ്ട് അവര്‍ക്ക് ഹസ്തദാനം നടത്തിയാണ് മുഖ്യമന്ത്രി മടങ്ങിയത്.
Post Your Comments