ഹെഡ് ഫോണുകളില്‍ ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നത് ഇപ്പോഴത്തെ യുവതലമുറയുടെ ഇഷ്ടവിനോദങ്ങളിലൊന്നാണ്. എന്നാല്‍ ജീവിത കാലം മുഴുവന്‍ ബധിരത പേറാന്‍ ഈ ശീലം കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. യുവാക്കളായിരിക്കെ തന്നെ ശ്രവണേന്ദ്രിയങ്ങള്‍ക്ക് മാരകമായ നാശങ്ങള്‍ സംഭവിക്കാന്‍ ഈ ലൗഡ് മ്യൂസിക് രീതികള്‍ കാരണമാകും. ഇതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍ ഇത്തരത്തില്‍ ശബ്ദമലിനീകരണവും ഉയര്‍ന്ന ശബ്ദത്തില്‍ ഹെഡ്‌ഫോണ്‍ സംഗീതവും ആസ്വദിക്കുന്ന 25% ചെറുപ്പക്കാര്‍ക്കും തുടര്‍ച്ചയായ ടിന്നിറ്റസ് അനുഭവപ്പെടാറുണ്ടെന്നാണ്.
ടിന്നിറ്റസ് എന്നാല്‍ തുടര്‍ച്ചയായി ചെവിക്കുള്ളില്‍ കേള്‍ക്കുന്ന മൂളലുകളും ശബ്ദകോലാഹലവും. സാധാരണയായി 50 വയസിലധികം പ്രായമുള്ളവരിലാണ് ഇത് കണ്ടുവരുന്നത്. കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണത്തിലാണ് പേടിപ്പിക്കുന്ന കണ്ടെത്തല്‍. ഇത് വരും കാലങ്ങളില്‍ കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതത്തിലേക്ക് നയിക്കുമെന്നും ഗവേഷകനായ ലാറി റോബേര്‍ട്ട്‌സ് പറയുന്നു.
ടിന്നിറ്റസ് അവസ്ഥിയിലെത്തുന്നവര്‍ പിന്നീട് ഉയര്‍ന്ന ഉച്ചയിലുള്ള എന്തിനേയും ഭയന്ന് തുടങ്ങുന്നു. നാഡികള്‍ക്കുണ്ടായ തകരാറാണ് ഇതിന് കാരണം. ഒടുവില്‍ ഇത് കേള്‍വിശക്തി പൂര്‍ണ്ണമായും തകരാറിലാക്കുന്നു. മറ്റ് കേള്‍വി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെങ്കിലും നെര്‍വ് ഡാമേജ് പിന്നീട് ചികിത്സിച്ച് ഭേദമാക്കാനാവില്ല. അതിനാല്‍ കരുതല്‍ കൂടിയേ തീരൂ.
Post Your Comments