കൊച്ചി: കഞ്ചാവ് കേസില്‍ താന്‍ അറസ്റ്റു ചെയ്തവരും മറ്റുചിലരും ചേര്‍ന്നാണ് തന്നെ കൈയ്യേറ്റം ചെയ്തതെന്ന് പുത്തന്‍കുരിശ് എസ്.ഐ സജീവ് കുമാര്‍. താന്‍ സീരിയല്‍ നടിയുടെ വീട്ടില്‍ പോയെന്ന ആരോപണം തെറ്റാണ്. അവര്‍ക്ക് സിനിമയുമായോ സീരിയലുമായോ യാതൊരു ബന്ധവുമില്ല. ഭാര്യയോട് പറഞ്ഞിട്ടാണ് താന്‍ ആ വീട്ടില്‍ പോയത്. അപവാദ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സജീവ് കുമാര്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
അന്നു വൈകിട്ട് 7.45 ടെയാണ് താന്‍ ആ വീട്ടിലെത്തിയത്. ഉണ്ണിക്കൃഷ്ണന്‍ എന്നയാളും അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു പെണ്‍കുട്ടികളും ആ വീട്ടിലുണ്ടായിരുന്നു. ആ വീട്ടിലാരും സിനിമയിലോ സീരിയലിലോ നാടകത്തിലോ അഭിനയിച്ചിട്ടില്ല. ഉണ്ണിക്കൃഷ്ണന്റെ മകളും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. മകളുടെ സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവിന്റെ പക്കലാണ്. ഈ സ്വര്‍ണം തിരികെ കിട്ടാന്‍ മധ്യസ്ഥം വഹിക്കണമെന്നാവശ്യപ്പെട്ടാണ് ഉണ്ണിക്കൃഷ്ണന്‍ തന്നെ സമീപിക്കുന്നത്. പരാതി പ്രകാരം താന്‍ പലപ്രാവശ്യം മകളുടെ ഭര്‍ത്താവുമായി ഫോണ്‍ സംസാരിക്കുകയും ഈ മാസം 13ന് ഇരുകൂട്ടരോടും സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് ഈ കുടുംബവുമായി തനിക്കുള്ള ബന്ധം. ഉണ്ണിക്കൃഷ്ണന്‍ ഹോട്ടലിലെ പാചകക്കാരനാണ്. എന്നാല്‍ പരാതി അന്വേഷിക്കാനല്ല താന്‍ ആ വീട്ടില്‍ പോയത്. അവര്‍ ക്ഷണിച്ചതു പ്രകാരം ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ് പോയതെന്നും സജീവ് പറഞ്ഞു.
അവിടെനിന്നും ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയ തന്നെ ചിലര്‍ തടഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കഞ്ചാവ് കേസില്‍ താന്‍ അറസ്റ്റ് ചെയ്ത രണ്ടുപേര്‍ തന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞു. ഇതോടെ അവര്‍ കൂടുതല്‍ പേരെ സ്ഥലത്തേക്കു വിളിച്ചു വരുത്തി. ‘തന്നോട് കാലുപിടിച്ചു പറഞ്ഞതല്ലേ, ഞങ്ങളെ കഞ്ചാവ് കേസില്‍ നിന്നും ഊരിത്തരാന്‍, താന്‍ അതു കേട്ടോ’ എന്നുപറഞ്ഞ് അവര്‍ തന്റെ മുഖത്തടിച്ചു. അവിടെ കൂടിയവരില്‍ ഭൂരിഭാഗവും താന്‍ ഏതെങ്കിലും ഒരു കേസില്‍ പിടികൂടിയവരായിരുന്നു. അവിടെ കൂടിയിരിക്കുന്ന ആളുകളുടെ വീഡിയോ ദൃശ്യം പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. സംഭവസമയത്തു ഇവരെല്ലാവരും മദ്യലഹരിയിലായിരുന്നെന്നും സജീവ് പറഞ്ഞു.
ഇതിനിടെ, തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം നടക്കുന്നതിനെതിരെ നടി ലക്ഷ്മി സൈബര്‍ സെല്ലില്‍ പരാതി നല്‍കി. സീരിയല്‍ നടിയുടെ വീട്ടില്‍ രാത്രിയെത്തിയെന്നാരോപിച്ച് പുത്തന്‍കുരിശ് എസ്‌ഐയെ നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നു. എസ്‌ഐയെയും നടിയെയും മര്‍ദിച്ച നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് പുത്തന്‍കുരിശ് എസ്.ഐ സജീവ് കുമാര്‍ തിരുവാണിയൂരുള്ള ഈ വീട്ടിലെത്തിയത്. സ്വന്തം കാറിലെത്തിയ എസ്.ഐയെ നാട്ടുകാര്‍ ചോദ്യംചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. രണ്ടര മണിക്കൂറിനുശേഷം രാത്രി പന്ത്രണ്ടുമണിയോടെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ മൂവാറ്റുപുഴ ഡി.വൈ.എസ.പി, എസ്.ഐയ്‌ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. രാത്രിയില്‍ ആ വീട്ടില്‍ പോയതിന് എസ്.ഐ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് നടപടി.
Post Your Comments