KeralaIndiaNews

കര്‍ഷകര്‍ക്ക് കൂടുതല്‍ കാര്‍ഷിക വായ്പ്പകള്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഈ വര്‍ഷം നല്ല മഴ കിട്ടുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കാര്‍ഷിക വായ്പ്പകള്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കാര്‍ഷിക വായ്പ്പ സംബന്ധിച്ച്‌ ഓരോ ബാങ്കിനും ഓരോ ലക്ഷ്യം(ടാര്‍ജറ്റ്) നിശ്ചയിച്ച്‌ നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ നല്‍കുന്ന വായ്പ്പകളില്‍ 18 ശതമാനം കാര്‍ഷിക മേഖലയ്ക്ക് നീക്കിവയ്ക്കണമെന്നാണ് ചട്ടം. ഈ ലക്ഷ്യം മറികടന്ന് രാജ്യമൊട്ടാകെ കൂടുതല്‍ വായ്പ്പകള്‍ നല്‍കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കാര്‍ഷിക മേഖലയ്ക്ക് മോദി സര്‍ക്കാര്‍ നല്‍കുന്ന പ്രധാന്യമാണ് ഇത് കാണിക്കുന്നത്.

എല്ലാ ബാങ്കുകളും ലക്ഷ്യം തികയ്ക്കാറുണ്ടെങ്കിലും പലയിടങ്ങളിലും കര്‍ഷകര്‍ക്ക് വായ്പ്പ ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയരാറുണ്ട്.

ഇതുകൂടി കണക്കിലെടുത്ത് നല്‍കുന്ന കാര്‍ഷിക വായ്പ്പകളുടെ എണ്ണവും തുകയും കൂട്ടാനാണ് പറഞ്ഞിരിക്കുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു.

2016 ഏപ്രില്‍വരെ ബാങ്കുകള്‍ ഒന്‍പതു ലക്ഷം കോടി രൂപയാണ് കാര്‍ഷിക വായ്പ്പയായി നല്‍കിയത്. കാര്‍ഷിക വായ്പ്പകളില്‍ പ്രതിവര്‍ഷം 15 ശതമാനം വളര്‍ച്ചയാണ് ഉണ്ടാകാറുള്ളത്.

കൂടുതല്‍ വായ്പ്പ ലഭ്യമാക്കിയാല്‍ കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യാനും വര്‍ദ്ധിച്ച വിളവ് കൊയ്യാനും കഴിയും. മോദി സര്‍ക്കാര്‍ രണ്ടു ബജറ്റുകളിലും കാര്‍ഷിക മേഖലയ്ക്ക് വലിയ മുന്‍തൂക്കമാണ് നല്‍കിയത്. കുറഞ്ഞ പ്രീമിയമുള്ള പുതിയ വിള ഇന്‍ഷ്വറന്‍സ് (പ്രധാനമന്ത്രി ഫസല്‍ യോജന), ജലസേചനത്തിനുള്ള സിന്‍ചായി യോജന തുടങ്ങിയ നിരവധി പദ്ധതികളാണ് മോദി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച്‌ നടപ്പാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button