തിരുവനന്തപുരം: ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചു വ്യാപകമായി വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തട്ടിപ്പു നടക്കുന്നതായി പൊലീസിനു കീഴിലെ സൈബര്‍ ഡോം നടത്തിയ പരിശോധനകളില്‍ കണ്ടെത്തി.
പതിനായിരക്കണക്കിനു സംശയകരമായ ഫെയ്സ്ബുക് പേജുകള്‍ നിരീക്ഷിച്ചാണു തട്ടിപ്പു കണ്ടെത്തിയത്. ഇത്തരം വ്യാജ പ്രൊഫൈലുകള്‍ കണ്ടെത്താന്‍ സൈബര്‍ ഡോമില്‍ സോഷ്യല്‍ മീഡിയ ലാബ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അശ്ലീല പേജുകള്‍, ഗ്രൂപ്പുകള്‍, കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍, കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്സ്ആപ് ഗ്രൂപ്പുകള്‍ എന്നിവ കണ്ടെത്തി ഡിലീറ്റ് ചെയ്യുകയാണു ലാബിന്റെ ലക്ഷ്യം.
ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുമെന്നു സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ ഐജി മനോജ് ഏബ്രഹാം പറഞ്ഞു. പെണ്‍വാണിഭത്തിനും സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ഉപയോഗിച്ചിരുന്ന ഫെയ്സ്ബുക് പേജുകളില്‍ കടന്നുകയറി കവര്‍ പേജില്‍ത്തന്നെ സൈബര്‍ ഡോം തങ്ങളുടെ ലോഗോ സ്ഥാപിച്ചിട്ടുണ്ട്.
വീട്ടമ്മമാരും പെണ്‍കുട്ടികളും സെല്‍ഫി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അവ ദുരുപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന കാര്യം ഓര്‍ക്കണമെന്നാണു പൊലീസ് മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങള്‍ വഴി ദുഷ്പ്രചാരണങ്ങള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണ്ടെത്താന്‍ ഐഐടി ന്യൂഡല്‍ഹിയുമായി ചേര്‍ന്നു പുതിയ സാങ്കേതികവിദ്യ കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ഓരോ വിവാദത്തിനോടും ജനങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ എങ്ങനെ പ്രതികരിക്കുന്നുവെന്നും ഇതുവഴി നിരീക്ഷിക്കുന്നുണ്ട്.
Post Your Comments