IndiaNewsInternational

മുംബൈ ഭീകരാക്രമണം: പാകിസ്ഥാന്‍ നടത്തിയ കള്ളക്കളികള്‍ പുറത്ത്

ന്യൂഡല്‍ഹി: രാജ്യം നടുങ്ങിയ 2008 ലെ മുംബൈ ഭീകരാക്രമണത്തിനിടെ പാകിസ്താന്‍ നടത്തിയ കള്ളക്കളികള്‍ പുറത്ത് വരുന്നു. ഭീകരാക്രമണം നടക്കുമ്പോള്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പാകിസ്താനില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആഭ്യന്തര സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ഏകോപിപ്പിക്കേണ്ട ഉന്നത ഉദ്യോഗസ്ഥരെ നിര്‍ണായക ഘട്ടത്തില്‍ പാകിസ്താന്‍ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് തന്ത്രപൂര്‍വ്വം മാറ്റിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്തയുടെ നേതൃത്ത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് ചര്‍ച്ചകള്‍ക്കായി പാകിസ്താനില്‍ ഉണ്ടായിരുന്നത്. നവംബര്‍24 ന് അവര്‍ അവിടെയെത്തി. 25 ന് ചര്‍ച്ചകള്‍ക്ക് ശേഷം തിരിച്ച് ഇന്ത്യയിലെത്തേണ്ടിയിരുന്ന സംഘത്തിന്റെ മടക്കയാത്ര കാരണമൊന്നും കൂടാതെ പാകിസതാന്‍ രണ്ടു ദിവസത്തേക്ക് നീട്ടി. ഇതേതുടര്‍ന്ന് നവംബര്‍ 27 നാണ് ആഭ്യന്തര സെക്രട്ടറിമാരുടെ സംഘം തിരികെ എത്തിയത്.

ഭീകരാക്രമണത്തില്‍ മുബൈ വിറങ്ങലിച്ചപ്പോള്‍ പാകിസ്താന്‍ ഇവരെ താമസിപ്പിച്ചിരുന്നത് മുറെ എന്ന സ്ഥലത്തായിരുന്നു. പാക് തലസ്ഥാനമായ ഇസ്ലാമാബാദിന് സമീപമുളള ഹില്‍ സ്‌റ്റേഷനായിരുന്നു ഇത്. ഇന്ത്യയിലേക്കുള്ള മടക്ക യാത്രക്കൊരുങ്ങിയ സംഘത്തോട് പാക് ആഭ്യന്തരമന്ത്രിയെ കാണണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാക് ആഭ്യന്തരമന്ത്രിയെ കാണാന്‍ ശ്രമിച്ച സംഘത്തിന് ലഭിച്ച മറുപടി അദ്ദേഹം യാത്രയിലാണെന്നാണ്. നവംബര്‍ 27 നാണ് മന്ത്രി ഇസ്ലാമാബാദിലെത്തിയത്.

അതിനിടെ, സ്വന്തം രാജ്യത്ത് സംഭവിക്കുന്നത് എന്താണ് എന്നതുസംബന്ധിച്ച വിവരങ്ങള്‍ പാക് അധികൃതര്‍ ഇന്ത്യന്‍ സംഘത്തില്‍ നിന്ന് മറച്ചുവച്ചു. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂം പാകിസ്താന്‍ മരവിപ്പിച്ച് നിര്‍ത്തുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സംഘത്തെ താമസിപ്പിച്ചിരുന്ന സ്ഥലത്ത് ഫോണ്‍ സിഗനലുകള്‍ കൃത്യമായി ലഭിച്ചിരുന്നില്ല എന്നാണ് സംഘാംഗങ്ങള്‍ പറയുന്നത്.

മുറെ ഹില്ലില്‍ വച്ച് മധുകര്‍ ഗുപ്തയ്ക്ക് പാക് ഉദ്യോഗസ്ഥനല്ലാത്ത ഒരാളാണ് മുംബൈയിലെ ഭീകരാക്രമണത്തേപ്പറ്റി വിവരം നല്‍കിയത്. ഇതേതുടര്‍ന്ന് ഇദ്ദേഹം നിജസ്ഥിതി അറിയാന്‍ ആഭ്യന്തര സുരക്ഷാ പ്രത്യേക സെക്രട്ടറി എം.എല്‍ കുമാവത്തുമായി ബന്ധപ്പെട്ടെങ്കിലും പാക് ഏജന്‍സികള്‍ വിവരങ്ങള്‍ ചോര്‍ത്തിയേക്കാമെന്ന ഭയത്താല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ആഭ്യന്തര സുരക്ഷ നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ ഭീകരാക്രമണം നേരിടുന്നതില്‍ രാജ്യത്തിന് താളപ്പിഴ സംഭവിച്ചു.

മുംബൈയില്‍ ഭീകരാക്രമണം തുടങ്ങിയത് 26ന് രാത്രി എട്ട് മണിക്കാണ്. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന് നടപടി ആരംഭിക്കാന്‍ സാധിച്ചത് 9.40നും. അതുവരെ മഹാരാഷ്ട്ര പോലീസാണ് ഭീകരരെ നേരിട്ടത്. ആക്രമണം തുടങ്ങി ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെടുകയും ചെയ്തു. മുംബൈ ആക്രമണത്തെക്കുറിച്ച് പാകിസ്താന് നേരത്തെ വിവരമുണ്ടായിരുന്നു എന്ന വാദങ്ങള്‍ക്ക് ബലം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ദേശീയ മാധ്യമങ്ങളില്‍ കൂടി പുറത്ത് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button