Editorial

വിലക്കപ്പെട്ടവന്‍, വാഴ്ത്തപ്പെട്ട അപൂര്‍വ്വത സമ്മാനിച്ച ചരിത്രമുഹൂര്‍ത്തത്തിലും “ടെലിപ്രോംറ്റര്‍” മാത്രം കണ്ടു സായൂജ്യം അടയുന്നവര്‍, എല്ലാത്തിനും ഒരു പരിധിയില്ലേ..?

രാഷ്ട്രീയത്തില്‍ എതിരാളിയോട് ക്ഷമിക്കുക എന്നൊരു നീക്കം ഇല്ല. ശത്രുപക്ഷത്തുള്ളവര്‍ ചെയ്യുന്നത് ശരിയാണെങ്കിലും തെറ്റാണെങ്കിലും അവരെ കടന്നാക്രമിക്കുക എന്നതാണ് ഏതൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും പ്രത്യക്ഷനയം. ഈ നയം ഇന്ത്യയില്‍ത്തന്നെ ഏറ്റവും ഭംഗിയായി നടപ്പാക്കുന്ന ഒരു രാഷ്ട്രീയപക്ഷമാണ് ഇടതുപക്ഷം. സ്വന്തം രാഷ്ട്രീയഎതിരാളികളെ നേരിടാനുള്ള ഇടതുപക്ഷരീതികള്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചവ തന്നെയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് സജീവമായ നാള്‍ മുതലേ ഇടതുപക്ഷത്തിന്‍റെ കണ്ണിലെ ഒരു കരടാണ് അദ്ദേഹം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം പ്രതിപക്ഷകക്ഷികളുടെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായാണ്‌ നരേന്ദ്രമോദി പരിഗണിക്കപ്പെടുന്നതെങ്കിലും, ഇടതുപക്ഷത്തിന് അദ്ദേഹത്തോടുള്ള വിരോധം മറ്റുള്ള ആരേയും കവച്ചുവയ്ക്കുന്ന രീതിയിലുള്ളതാണെന്ന കാര്യം അറിയാത്തതായി അധികമാളുകള്‍ ഇന്ത്യയിലുണ്ടാവില്ല.

ആഗോളനയതന്ത്രരംഗത്ത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒരാഴ്ചയാണ് കടന്നുപോയത്. തന്‍റെ ഇറാന്‍ സന്ദര്‍ശനത്തിലൂടെ നരേന്ദ്രമോദി തുടങ്ങിവച്ച ഇന്ത്യയുടെ നയതന്ത്ര വിജയഗാഥ ജൂണ്‍ 9-ന് മെക്സിക്കോ സന്ദര്‍ശനത്തോടെ സമാപിച്ച പഞ്ചരാഷ്ട്ര സന്ദര്‍ശനത്തിലെത്തി നില്‍ക്കുന്നു. ഈ ഒരാഴ്ച കൊണ്ട് ഇന്ത്യയ്ക്കുണ്ടായ നേട്ടങ്ങള്‍ അനവധിയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളവയുമാണ്. ഇറാനിലെ ചബഹാര്‍ തുറമുഖനിര്‍മ്മാണത്തിനുള്ള കരാര്‍, ഇറാനില്‍ പ്രകൃതിവാതക ഖനനത്തിനുള്ള അനുമതികള്‍, ഇന്ത്യ-അഫ്ഗാന്‍ സൗഹൃദ അണക്കെട്ട് അഫ്ഗാനിസ്ഥാന് സമര്‍പ്പിച്ചതിലൂടെ അഫ്ഗാന്‍റെ ഏറ്റവും പ്രാധാന്യമേറിയ കൂട്ടാളികളായി ഇന്ത്യ മാറിയത്, ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഖത്തരി അധികൃതരെ പ്രേരിപ്പിച്ചത്, കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറാന്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് ചട്ടങ്ങളില്‍ ലഘൂകരണം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതും ആണവദാതാക്കളുടെ ക്ലബ്ബില്‍ ഇന്ത്യയുടെ അംഗത്വത്തിനായി സ്വിസ്സ് പിന്തുണ – ഒപ്പം മെക്സിക്കോയുടെയും – ഉറപ്പാക്കിയതും എല്ലാം എടുത്തുപറയേണ്ട നേട്ടങ്ങളാണ്.

ഏറ്റവും പ്രാധാന്യമേറിയ സന്ദര്‍ശനം അമേരിക്കയില്‍ നടത്തിയതായിരുന്നു. അവിടെ വച്ച് മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെജീം (MTCR) എന്ന കൂട്ടായ്മയിലെ ഇന്ത്യന്‍ അംഗത്വത്തിന് സ്ഥിരീകരണം വരുത്താനും ആണവദാതാക്കളുടെ ക്ലബ്ബിലെ ഇന്ത്യന്‍ അംഗത്വത്തിനായി അമേരിക്കയുടെ എല്ലാവിധ പിന്തുണകളും ഉറപ്പാക്കാനും പ്രധാനമന്ത്രിക്കായി. കൂട്ടത്തില്‍, ലോകമെങ്ങുമുള്ള ഇന്ത്യാക്കാരുടെ അഭിമാനം വാനോളമുയര്‍ത്തിയത് നരേന്ദ്രമോദി അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗമായിരുന്നു. 45-മിനിറ്റോളം നീണ്ടുനിന്ന ഇംഗ്ലീഷിലുള്ള തന്‍റെ പ്രസംഗത്തില്‍ മോദി ഇന്‍ഡോ-അമേരിക്കന്‍ ബന്ധത്തിന് മുതല്‍ക്കൂട്ടാകുന്ന ഒട്ടേറെ കാര്യങ്ങളെപ്പറ്റി പരാമര്‍ശിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം “ഉള്‍ക്കാഴ്ച നിറഞ്ഞതും, ചരിത്രപരവും” ആണെന്നായിരുന്നു ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ അഭിപ്രായം. ഇന്ത്യയില്‍ത്തന്നെ നരേന്ദ്രമോദിയുടെ സ്ഥിരം വിമര്‍ശകരില്‍ മുന്‍പന്തിയിലുള്ള രാജ്ദീപ് സര്‍ദേശായി ആടക്കമുള്ളവര്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന്, മോദിയോടുള്ള എല്ലാ വ്യക്തിവിദ്വേഷങ്ങളും മാറ്റിവച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ ഈ ഐതിഹാസിക പ്രസംഗത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.

പക്ഷേ ഇവിടെ, നമ്മുടെ സ്വന്തം കേരളത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷമാണ് ഉടലെടുത്തത്. നരേന്ദ്രമോദി എന്തുചെയ്താലും വിമര്‍ശിക്കുക എന്ന മനസ്സോടെ ഇരിക്കുന്ന ഇടതുപക്ഷം അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞ നല്ലകാര്യങ്ങള്‍ ഒന്നും കേട്ടില്ല, ഒരിന്ത്യാക്കാരന്‍ എന്ന നിലയില്‍ തന്‍റെ സ്വാഭിമാനം ഉയരുന്നത് അറിഞ്ഞില്ല, ഒരിക്കല്‍ വിസ നിഷേധിച്ച അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍തന്നെ മോദിയുടെ കയ്യൊപ്പ് വാങ്ങാനും അദ്ദേഹത്തെ അഭിനന്ദിക്കാനും ചുറ്റും കൂടുന്നത് കണ്ടില്ല….പകരം അവര്‍ കണ്ടത് ഒന്നുമാത്രം. പ്രസംഗിക്കാന്‍ മോദി ടെലിപ്രോംറ്റര്‍ എന്ന സാങ്കേതികവിദ്യയുടെ സഹായംതേടി എന്നതായിരുന്നു ഈ സ്വപ്രഖ്യാപിത മതേതര സംരക്ഷകര്‍ കണ്ട ഏകകാര്യം.

ഈ തരംതാഴലിന് പക്ഷേ അവരെ വിമര്‍ശിക്കാനാവില്ല. ഒന്നാമത്, തങ്ങള്‍ ആരാധിക്കുന്ന സ്വന്തം നേതാക്കന്മാരൊന്നും ഇത്രവലിയ ഒരു ലോകവേദിയില്‍ നിന്ന്‍ പ്രസംഗിക്കുന്ന കാഴ്ച കാണാന്‍ ഈ ഇടതുപക്ഷ മഹാനുഭാവന്മാര്‍ക്ക്‌ സാഹചര്യം ലഭിച്ചിട്ടില്ല, അതിനുള്ള അവസരം അവരുടെ നേതാക്കന്മാരായി അവര്‍ക്ക് ഉണ്ടാക്കിക്കൊടുത്തിട്ടുമില്ല. സ്വന്തം പാര്‍ട്ടി പത്രത്തിലും, പാര്‍ട്ടി ചാനലിലും പടച്ചുവിടുന്ന ഭൂലോക നുണകള്‍ തൊണ്ടതൊടാതെ വിഴുങ്ങി അമേരിക്കന്‍ ഭരണകൂടം വരെ തങ്ങളെ ഭയക്കുന്നു എന്ന് കരുതിയിരിക്കുന്ന ഇവര്‍ പ്രസിഡമന്‍റ് ഒബാമയുള്‍പ്പെടെയുള്ള ലോകനേതാക്കന്മാര്‍ സുപ്രധാനമായ വേദികളില്‍ പ്രസംഗിക്കുമ്പോള്‍ ടെലിപ്രോംറ്റര്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടാകാന്‍ യാതൊരു വഴിയുമില്ല. അപ്പോള്‍പ്പിന്നെ, തങ്ങള്‍ ഏറ്റവും വലിയ ശത്രു ആയി കരുതുന്ന ഒരു പ്രസ്ഥാനത്തിന്‍റെ നേതാവ് രാജ്യത്തെ പ്രതിനിധീകരിച്ച്, രാജ്യത്തിന്‍റെ യശസ്സ് ആകാശസീകമള്‍ക്കപ്പുറത്തെക്കും വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നത് കണ്ട് അസൂയമൂത്ത്, മോദിയെ വിമര്‍ശിക്കണം, മോദിയെ വിമര്‍ശിക്കണം എന്ന ഏകമന്ത്രജപവുമായി ഇരിക്കുമ്പോള്‍ ഇങ്ങനെ തരംതാഴുന്നതില്‍ ബാക്കിയുള്ളവര്‍ക്ക് പ്രത്യേകിച്ച് അത്ഭുതം തോന്നേണ്ട കാര്യമൊന്നുമില്ല. യാതൊരുവിധ സഹായവും കൂടാതെ ഇംഗ്ലീഷും ഹിന്ദിയുമൊക്കെ ഏതുവേദിയിലും അനായാസം കൈകാര്യം ചെയ്യാന്‍ കഴുവുള്ള നേതാക്കന്മാര്‍ ഉള്ള പാര്‍ട്ടിയാകുമ്പോള്‍പ്പിന്നെ മറ്റുള്ളവരെ വിമര്‍ശിക്കുന്നത് ഒരവകാശമായി കരുതുകയും ചെയ്യാമല്ലോ.

പാര്‍ട്ടി ചാനലും അനുബന്ധ സോഷ്യല്‍ മീഡിയാ സംവിധാനങ്ങളുമൊക്കെ സ്വന്തം രാഷ്ട്രീയ നയങ്ങള്‍ പ്രചരിപ്പിക്കാനും, ട്രോളുകള്‍ അടക്കമുള്ള വിമര്‍ശനോപാധികള്‍ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വിമര്‍ശിക്കാനും ഒക്കെ പ്രയോജനപ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ല. നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയകക്ഷിയായ ബിജെപിയും ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ മിടുക്കന്മാരാണ്. കോണ്‍ഗ്രസ്, ആം ആദ്മി മുതലായവരും ഇക്കാര്യത്തില്‍ പിന്നോക്കമല്ല. പക്ഷേ, സ്വന്തം രാജ്യത്തിന്‍റെ പ്രധാനമന്ത്രി രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയെടുത്ത ഒരു ഐതിഹാസിക നിമിഷത്തെ ഏതുവിധേനയും തരംതാണ് വിമര്‍ശിക്കാന്‍ കേരളത്തിലെ ഇത്തരംചില കൂപമണ്ഡൂകങ്ങള്‍ക്കേ കഴിയൂ. ഇവരെ സംബന്ധിച്ച് “തരംതാഴലിന് ഒരു പരിധിയുമില്ല”.

shortlink

Related Articles

Post Your Comments

Related Articles


Back to top button