പോങ്ങുമ്മൂടന്‍
മഴയുടെ കൈപിടിച്ചുവന്ന കാറ്റ് മുറ്റത്തിന്റെ വടക്കേ അതിരിൽ നിന്ന ചാമ്പമരത്തിലെ ഫലം പൊട്ടിച്ചും നാട്ടുമാവിന്റെ ശിഖരം കുലുക്കി പഴമാങ്ങ ഉതിർത്തും റബ്ബർ മരങ്ങളെ ഉലച്ചും തെക്കോട്ട് പോയപ്പോഴാണ് നരേന്ദ്രൻ മുത്തശ്ശിയെ കാണാനായി വന്നത്.
മുത്തശ്ശി നാളുകളായി മരണം കാത്ത് കട്ടിലിലും വർഷങ്ങളായി നരേന്ദ്രൻ ജീവിതം കാത്ത് കാനഡയിലും കിടപ്പിലാണ്. നരേന്ദ്രന്റെയും എന്റെയും ബാല്യവും കൌമാരവും സതീർത്ഥ്യമായിരുന്നു. അതുകൊണ്ടുതന്നെ ഞാനും നരേന്ദ്രനും ചങ്ങാതികളും. അക്കാലം കാറ്റ് പൊട്ടിച്ചിടുന്ന ചാമ്പങ്ങകളും മാമ്പഴങ്ങളും മത്സരബുദ്ധിയോടെ പെറുക്കി കൂട്ടുകയും തിന്നുരസിക്കുകയും ചെയ്തിരുന്നു ഞങ്ങൾ.
അവധിക്കായി നാടിറങ്ങിയ മുതിർന്ന നരേന്ദ്രന് പെയ്യുന്ന മഴ കൌതുകവും കൊള്ളുന്ന മഴ അലോസരവുമായി തീർന്നിരിക്കുന്നു. കടന്നുവന്നപ്പോഴുള്ള ആദ്യവാചകത്തിൽ തന്നെ ആ കൌതുകവും അലോസരവും അവന് പ്രകടിപ്പിക്കാനായി എന്നതിലല്ല എന്റെ അതിശയം. കാനഡയിൽ നിന്ന് കൂടെ പോന്ന ഭാഷ അതിന് അപരിചിതമായ ഒരു ഭൂപ്രദേശത്ത് എത്തിച്ചേർന്നിട്ടും സഭാകമ്പമേതുമില്ലാതെ നരേന്ദ്രന്റെ നാവിൽ എത്ര ഊറ്റത്തോടെയാണ് വിലസുന്നത്! മലയാളം മിടുക്കുകുറഞ്ഞ ഒരു കുഞ്ഞിനെപ്പോലെ ഇടക്ക് മാത്രം നാണിച്ച് നാവിൻ തുമ്പിലൊന്ന് എത്തിനോക്കി കവാത്ത് മറന്നപോലെ മടങ്ങുന്നു. നീന്തലും സൈക്കിളോട്ടിക്കലും പോലെ നാവേറിയ ഭാഷയെയും മനുഷ്യൻ മറക്കില്ല എന്ന ധാരണ തെറ്റോ! ആവില്ല.
ചെറുപ്പത്തിൽ ഭാഷാപരമായി നരേന്ദ്രൻ നാടനായിരുന്നെങ്കിലും അവന്റെ പരിഷ്കാരം ‘നോൺ റെസിഡന്റ് നാടൻ’ ആയിരുന്നു. എണ്ണപൊത്തിയ മുടിയിൽ ഞാൻ കുരുവിക്കൂട് തീർത്തപ്പോൾ അവൻ സ്റ്റെപ്പ് കട്ട് സമ്പ്രദായത്തിൽ കേശാലങ്കാരം നടത്തി. ഞാൻ സ്റ്റെപ്പ് കട്ടിലെത്തിയപ്പോൾ അവൻ സമ്മർ കട്ട് താണ്ടിയിരുന്നു. കേശത്തിൽ മാത്രമല്ല ധരിക്കുന്ന വസ്ത്രങ്ങളിലും ഉപയോഗിക്കുന്ന സാമഗ്രികളിലും പ്രയോഗിക്കുന്ന ഭാഷയിലും ‘എൻ.ആർ.എൻ പരിഷ്കാരം’ വേലയെടുത്തിരുന്നു. പൂതാനം അടിക്കുന്നുവെന്ന് പറഞ്ഞ എന്നെ അവൻ ചിരിച്ചുകളിയാക്കിക്കൊണ്ട് ‘ചാറ്റൽ‘ എന്ന് തിരുത്തിയത് പരിഷ്കാരമല്ലാതെ മറ്റെന്താണ്?! അതെ. നരേന്ദ്രൻ മലയാളം മറന്നതല്ല. മറച്ചുവച്ചിരിക്കുന്നതാണ്. ഞാനങ്ങനെ ആശ്വസിച്ചു.
“ഹേയ് മാൻ, എന്റുപറ്റി? എന്നെനീ കന്റിറ്റില്ലേ? നാനാടാ നരേണ്ട്രൻ“
നരേന്ദ്രന്റെ ‘ണ്ട്ര’ എന്റെ ചെവിയിൽ കുത്തി ഭൂതകാലസംബന്ധിയായ അലോചനകളെ കൊന്നു. ഞാൻ ചത്ത ആലോചനയിൽ നിന്ന് മുഖം തിരിച്ച് നരേന്ദ്രനെ നോക്കി. അപ്പോഴാണ് അവന്റെ ശരീരത്തിൽ നിന്ന് വമിക്കുന്ന വൈദേശികമായ സുഗന്ധത്തെ ഞാൻ കണ്ടത്. എന്ത് ഭംഗിയുള്ള സുഗന്ധം. നോക്കിനിൽക്കാനായില്ല ഞാനത് പിടിച്ച് കൊതിയോടെ മൂക്കേറ്റി. ശേഷം ആശ്ലേഷത്തോടെ അവനോട് പറഞ്ഞു.
“നീ ഒരുപാട് മാറിയിരിക്കുന്നു.“
“ആനോ… നിയും ഫയങ്കരമായി മാരി”
“അതെയതെ. മാരി എന്ന് പറഞ്ഞാൽ പോര പേമാരി തന്നെ. ഇന്നലെ തുടങ്ങിയതാടാ” ഞാൻ പുറത്തേക്ക് നോക്കി. തിമിർക്കുകയാണ് മഴ.
“ആറ്റെ. ഗ്രാൻഡ്മാ എവിടെ? പടിഞ്ഞാറ്റെ ആ സ്മോൾ റൂമിൽ തന്നെ?”
“അതേടാ, വാ. നിന്നെ കണ്ടാൽ സന്തോഷമാവും”
മുത്തശ്ശി കണ്ണുതുറന്ന് കിടക്കുകയായിരുന്നു. മച്ചിലേക്ക് നോക്കി ചെറുചിരിയോടെ എന്തൊക്കെയോ പറയുന്നുണ്ട്. മുത്തശ്ശിയുടെ അച്ഛനോടും അമ്മയോടുമാവും. അവർ വിശേഷങ്ങൾ തിരക്കി ഇടക്കൊക്കെ വരാറുണ്ട്.
“ഓർമ്മപ്പിശകുണ്ടെടാ. എങ്കിലും കുഴപ്പമൊന്നുമില്ല. വിശപ്പും ദാഹവുമൊക്കെയുണ്ട്. കാച്ചിലുപുഴുങ്ങിയതും കട്ടൻ കാപ്പിയുമാണ് പഥ്യം“ – ഞാൻ നരേന്ദ്രനോടായി പറഞ്ഞു.
“ഓ! ചോ ച്വീറ്റ്”
വാക്കുകൾ കക്കിക്കൊണ്ട് അവൻ മുത്തശ്ശിയുടെ താടി പിടിച്ച് പുന്നാരിച്ചുകൊണ്ട് എന്നോടായി പറഞ്ഞു
“ഗുഡ്. മൺസൂൺ അല്ലേ. എന്റെങ്കിലും സംബവിച്ചാൽ റ്റന്നെ ക്രിമേഷൻ ഒക്കെ പാടല്ലേ”
“നരേന്ദ്രാ” എന്ന് എന്റെ മനസ്സലറി. വകതിരിവും കെട്ടോ ഈ പന്നീടെയെന്ന് മനസ്സ് ചോദിച്ചു. ക്രിമേഷൻ എന്ന വാക്ക് കൃമിസംബന്ധിയായ എന്തോ അസുഖമാണെന്ന് ധരിച്ചതുകൊണ്ടാവും മുത്തശ്ശി അവനെ നോക്കി ഇല്ല എന്ന് തലയാട്ടിയത്.
“നരേന്ദ്രാ, പഴയ ആളല്ലേ, നിന്റെ ഭാഷ മുത്തശ്ശിയ്ക്ക് പിടികിട്ടിയെന്ന് വരില്ല”
“ഓ! അതിനെന്റാടാ. ഞാൻ മലയാളം മരന്നൊന്നുമില്ല. നീ നോക്കിക്കോ” എന്ന് പറഞ്ഞ് അവൻ മുത്തശ്ശിയുടെ മുഖത്തേക്ക് തന്റെ മുഖം ചേർത്ത് ചെവിലക്ഷ്യമാക്കി ഒരു ചോദ്യം തൊടുത്തു.
“ ഓർമ്മയുണ്ടോ മുറ്റശ്ശിക്ക് എന്നെ?”
മുത്തശ്ശി ശിശു സഹജമായ കൌതുകത്തോടെ നരേന്ദ്രന്റെ മുഖത്ത് നോക്കി. ചെറുതായി പുഞ്ചിരിച്ചു. അവന്റെ മുഖത്തേക്ക് പതിയെ കൈയ്യുയർത്തി. അങ്ങനെതന്നെ പിൻവലിക്കുകയും ചെയ്തു. മനസ്സിലാവുന്നുണ്ടാവില്ല.
“മുറ്റശ്ശി വല്ലതും കഴിച്ചോ? ഫൂഡ്…ഫൂഡ്.. കഴിച്ചോ”
ആംഗ്യവും ആംഗലേയവും മലയാളവും സമാസമം ചേർത്ത അവന്റെ ചോദ്യത്തിൽ മുത്തശ്ശിയൊന്ന് നടുങ്ങി. വിസ്തരിച്ച് പതറി. എങ്കിലും ‘കഴിച്ചോ‘ എന്ന ചോദ്യഭാവം പേറുന്ന ആ വാക്ക് മുത്തശ്ശിക്ക് രുചികരമായ ഒരു പ്രതീക്ഷ നൽകിയതായി തോന്നി. മുത്തശ്ശിയുടെ കണ്ണുകളിൽ വിശപ്പ് ഓളം തള്ളി.
“ മുറ്റശ്ശിക്ക് കഴിക്കാൻ ടാബ്ലറ്റ്സ് ഉണ്ടോ? ടാബ്ലറ്റ്സ്… ഒക്കെ കഴിച്ചോ? “
ടാബ്ലറ്റ്സ് എന്ന് കേട്ടതും മുത്തശ്ശി ആവേശത്തോടെ വായ പിളർന്നു. പുഴുങ്ങിയ കാച്ചിൽ കാണുമ്പോൾ പിളർക്കുന്നതിലും വിസ്തൃതിയിൽ. വായയ്ക്ക് ചുറ്റും കൊതി എത്തി നോക്കുന്നത് നരേദ്രൻ കണ്ടില്ല. ഞാൻ നരേന്ദ്രനെയും വിളിച്ച് പുറത്തേക്ക് നടന്നു. അപ്പോഴും കൊതി നിറഞ്ഞ മുത്തശ്ശിയുടെ നോട്ടം ഞങ്ങൾ വാതിൽ കടക്കും വരെ പിന്തുടർന്നു. നന്നായി വിശക്കുന്നുണ്ടാവും. പാവം.
നരേന്ദ്രനെ യാത്രയാക്കിയ ഞാൻ കാച്ചിൽ പുഴുങ്ങി, മധുരക്കിഴങ്ങ് വേവിച്ച്, കട്ടൻ തിളപ്പിച്ച് മുത്തശ്ശിയുടെ അരികിലെത്തുമ്പോഴും പിളർന്ന വായ മുത്തശ്ശി പൂട്ടിയിട്ടില്ല. ആർത്തി തളം കെട്ടിയ വായിൽ കിടന്ന് നാവ് ടാബ്ലറ്റെന്ന് ശാഠ്യത്തിൽ ചലിച്ചുകൊണ്ടിരുന്നു. ടാബ്ലറ്റ് എന്ന വിശേഷപ്പെട്ട എന്തോ ഭക്ഷണപദാർത്ഥം മുത്തശ്ശിക്ക് നൽകാതെ ഞങ്ങൾ മാത്രം കഴിച്ചുവരികായിരുന്നെന്നാണ് മുത്തശ്ശി ധരിച്ചിട്ടുണ്ടാവുക. കാച്ചിലോ മധുരക്കിഴങ്ങോ തിന്നാൻ മുത്തശ്ശി കൂട്ടാക്കിയില്ല. ആറ്റിത്തണുപ്പിച്ച കട്ടൻ ഒഴിച്ചുകൊടുത്തത് തുപ്പിക്കളയുകയും ചെയ്തു. വിണ്ണയുടെ വിങ്ങലുള്ള നോട്ടം കൊണ്ട് മുത്തശ്ശി എന്റെ നെഞ്ച് മുറിച്ചു.
കൊടിയ വിഷം പോലെ ടാബ്ലറ്റ് എന്ന കൊതി മുത്തശ്ശിയെ തീണ്ടി. നേരത്തോട് നേരം കഴിയും മുന്നേ മുത്തശ്ശി ഇഹലോകത്തെ വാസം മതിയാക്കി. ടാബ്ലറ്റെന്ന വിശേഷപ്പെട്ട രുചി മരണാനന്തരമെങ്കിലും രുചിക്കാനാവുമെന്ന പ്രതീക്ഷയോടെ വായ പിളർത്തി തന്നെ സൂക്ഷിച്ചിരുന്നു മുത്തശ്ശി.
മൺസൂണിൽ തന്നെ നടത്തപ്പെട്ട മുത്തശ്ശിയുടെ ക്രിമേഷൻ കൂടി പുലകുളിയടിയന്തിരവും ഉണ്ടിട്ടാണ് നരേന്ദ്രൻ അവധിയൊടുക്കി കാനഡയിലേക്ക് പറന്നത്.
Post Your Comments