ന്യൂഡല്‍ഹി: വർധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ ഡ്രൈവിങ്‌ലൈസന്‍സ് നല്‍കുന്നതിന് കര്‍ശനനിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. കമ്പ്യൂട്ടര്‍വത്കൃമായ ഡ്രൈവിങ് ടെസ്റ്റ് വിജയിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഇനി മുതൽ ലൈസന്‍സ് നല്‍കുന്നത്. പാര്‍ലമെന്റ് പാസാക്കാനൊരുങ്ങുന്ന മോട്ടോര്‍ബില്ലില്‍ പുതിയ വ്യവസ്ഥകള്‍ ഉണ്ടായിരിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
ഡ്രൈവര്‍മാരുടെ അതിവേഗം നിയന്ത്രിക്കാന്‍ ദേശീയപാതകളില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ലേണേഴ്‌സ് ലൈസന്‍സ് നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മന്ത്രിസഭാ ഉപസമിതി നിര്‍ദേശംനല്‍കിയിട്ടുണ്ട്. റോഡ് നിയന്ത്രണത്തിനുള്ള ചട്ടങ്ങള്‍ വിജ്ഞാപനംചെയ്യണം. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തണം. ഗിയറില്ലാത്ത സ്‌കൂട്ടറുകള്‍ ഓടിക്കാന്‍ ലൈസന്‍സ് ലഭിക്കുന്നതിനുള്ള പ്രായപരിധി 16 വയസ്സായി നിജപ്പെടുത്തണം, ട്രാഫിക് ചട്ടലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിക്കണം എന്നീ നിർദേശങ്ങൾ മന്ത്രിസഭാഉപസമിതി നൽകിയിട്ടുണ്ട്.
ട്രാഫിക് ചട്ട ലംഘനങ്ങള്‍ക്ക് പിഴശിക്ഷ വന്‍തോതില്‍ വര്‍ധിപ്പിക്കും.കുട്ടികളെ കൊണ്ട് വണ്ടിയോടിപ്പിച്ചാൽ മാതാപിതാക്കൾക്കെതിരെയോ വാഹന ഉടമകൾക്കെതിരെയോ കേസ് എടുക്കും. വാഹനങ്ങളില്‍ അനധികൃത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക് 5000 രൂപവരെ പിഴ ചുമത്തും.
പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കല്‍, വേഗപരിധി ലംഘനം, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനമോടിക്കുമ്പോള്‍ ഫോണ്‍വിളിക്കല്‍, ട്രാഫിക് ലൈറ്റുകള്‍ മറികടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കും പിഴശിക്ഷ വര്‍ധിപ്പിക്കും.
Post Your Comments