NewsIndia

വിജയ്‌ മല്ല്യയുടെ കടം: 2000 കോടി തിരികെ ലഭിക്കുവാന്‍ ബാങ്കുകള്‍ക്ക് സാധ്യത

ബംഗളുരു: ഇന്ത്യന്‍ ബാങ്കുകളില്‍ വന്‍കടബാധ്യതയുണ്ടാക്കിയ ശേഷം രാജ്യം വിട്ട് ലണ്ടനില്‍ കഴിയുന്ന വ്യവസായി വിജയ്‌ മല്ല്യയുടെ കടങ്ങള്‍ തിരികെ പിടിക്കാനുള്ള നടപടികള്‍ കടം തിരിച്ചുപിടിക്കല്‍ ട്രൈബ്യൂണല്‍ ആരംഭിച്ചു. ഇതിനായി രാജ്യത്തെ വിവിധ കോടതികളില്‍ മല്ല്യ കെട്ടിവച്ചിട്ടുള്ള 2000-കോടി രൂപ തിരിച്ചുപിടിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കിങ്ങ് കണ്‍സോര്‍ഷ്യത്തോട് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.

ഈ തുക തിരിച്ചു പിടിച്ചാല്‍ അതിന്‍റെ പലിശയിനത്തില്‍ 200-300 കോടി രൂപയെങ്കിലും കണ്‍സോര്‍ഷ്യത്തിന് നേടിയെടുക്കാനാകുമെന്നാണ് ട്രൈബ്യൂണലിന്‍റെ വിലയിരുത്തല്‍. മല്ല്യ ബാങ്കുകള്‍ക്ക് തിരികെ നല്‍കാനുള്ള തുക 9000-കോടി രൂപയാണ്.

തന്‍റെ വിമാനക്കമ്പനി കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി മല്ല്യ എടുത്ത വായ്പയില്‍ ബാധ്യത വരുത്തിയ കേസില്‍ കണ്‍സോര്‍ഷ്യം നല്‍കിയ ഇടക്കാല ഹര്‍ജികളിലാണ് ട്രൈബ്യൂണല്‍ ജഡ്ജി
ആര്‍. ബെങ്കനഹള്ളി ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്.

കണ്‍സോര്‍ഷ്യത്തിന്‍റെ ഏകോപനക്കുറവിനെ വിമര്‍ശിച്ച ട്രൈബ്യൂണല്‍, ബാങ്കുകള്‍ കൂടിയാലോചിച്ച് പ്രശ്നപരിഹാരം കണ്ടെത്തണമെന്നും നിര്‍ദ്ദേശിച്ചു. ബാങ്കുകളുടെ പരസ്പരധാരണയില്ലായ്മ കാരണമാണ് നേരത്തേ മല്ല്യ യുഎസ്എല്‍ ചെയര്‍മാന്‍ പദവി ഒഴിഞ്ഞപ്പോള്‍ ബ്രിട്ടീഷ് മദ്യക്കമ്പനി ഡിയാജിയോ നല്‍കിയ പിരിഞ്ഞുപോകല്‍ അവകാശമായ ഏഴരക്കോടി ഡോളര്‍ (515-കോടി രൂപ) കടബാധ്യതയിലേക്ക് വകചേര്‍ക്കാന്‍ സാധിക്കാതെ പോയതെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാണിച്ചു.

ഈ തുകയില്‍ 4-കോടി ഡോളര്‍ മല്ല്യ ന്യൂയോര്‍ക്കിലെ ജെപി മോര്‍ഗന്‍ ബാങ്കില്‍ നിക്ഷേപിച്ചു. ഈ തുക മല്ല്യയ്ക്ക് മടക്കി നല്‍കരുതെന്ന് മെയ്-17-ന് പുറപ്പെടുവിച്ച ഉത്തരവില്‍ ട്രൈബ്യൂണല്‍ ജെപി മോര്‍ഗനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേസ് ജൂലൈ 9-ന് മുന്‍പ് തീര്‍പ്പാക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഇടക്കാല ഹര്‍ജികള്‍ സമര്‍പ്പിച്ച് നീതി നടപ്പാക്കല്‍ നീട്ടിക്കൊണ്ടു പോകരുതെന്നും കോണ്‍സോര്‍ഷ്യത്തോട് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button