KeralaNews

സഹകരിക്കാന്‍ മാത്രം താത്പര്യമുള്ളവര്‍ സഹകരിക്കുക; പ്രതികരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് വി.ടി ബൽറാം

ഫെയ്‌സ്ബുക്കില്‍ ചില വിഭാഗങ്ങളെ ബ്ലോക്ക് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി വിടി ബല്‍റാം എംഎല്‍എ. തന്റെ ഫെയ്‌സ്ബുക്ക് പേജ് ദുരുപയോഗപ്പെടുത്താന്‍ പലരും ആസൂത്രിതമായി ശ്രമിക്കുന്നുണ്ടെന്നും അവരെ ബ്ലോക്ക് ചെയ്യാന്‍ താന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വിടി ബല്‍റാം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം;

എന്റെ ഫേസ്ബുക്ക്‌ വാൾ എന്റെ സ്വാതന്ത്ര്യമാണ്‌. എന്റെ അവകാശമാണ്‌. പേഴ്സണൽ പ്രൊഫൈലിൽ ആരെയൊക്കെ ഉൾക്കൊള്ളണം, ആരെയെങ്കിലും ബ്ലോക്ക്‌ ചെയ്യണമോ എന്നൊക്കെ തീരുമാനിക്കുന്നത്‌ ഞാൻ തന്നെയാണ്‌. ഫേസ്ബുക്കിൽ ആളുകളെ ബ്ലോക്ക്‌ ചെയ്യില്ല എന്ന് ഞാനൊരിക്കലും വീമ്പ്‌ പറയാറില്ല. പക്ഷേ കേരളത്തിൽ ആദ്യമായി ഐ.ടി. ആക്റ്റിലെ കരിനിയമമായ 66 എ ഉപയോഗിച്ച്‌ തനിക്കിഷ്ടമില്ലാത്ത സൈബർ പ്രചരണത്തിന്റെ പേരിൽ ക്രിമിനൽ കേസ്‌ കൊടുത്ത പിണറായി വിജയന്റേത്‌ പോലുള്ള മാതൃക സ്വീകരിക്കാൻ ഞാനിതുവരെ ശ്രമിച്ചിട്ടില്ല. എതിരഭിപ്രായം പുലർത്തുന്നവരെ വെട്ടിക്കൊല്ലുന്ന രാഷ്ട്രീയവും എനിക്കില്ല.
ഫ്രണ്ട്സും ഫോളോവ്വെഴ്സുമായി ഏതാണ്ട്‌ ഒന്നേമുക്കാൽ ലക്ഷം ആളുകൾ ബന്ധപ്പെടുന്ന ഒരു പ്രൊഫെയിൽ ആണിത്‌. അതിലെ എല്ലാവരേയും നേരിട്ട്‌ അറിയാനോ അവരുടെ മുൻകാലചരിത്രമോ പൊതുവായ സംവാദ നിലവാരമോ പരിശോധിക്കാനോ പ്രായോഗികമായി ഒരു മാർഗ്ഗവുമില്ല. ഏതൊരു ഫോളോവർക്കും കാണാനും അവരിലെ ഫ്രണ്ട്സ്‌ ഓഫ്‌ ഫ്രണ്ട്സ്‌ വിഭാഗക്കാർക്ക്‌ കമന്റ്‌ ചെയ്യാനും കഴിയുന്ന തരത്തിലാണ്‌ സെറ്റിംഗ്‌സ്‌ ക്രമീകരിച്ചുവച്ചിരിക്കുന്നത്‌. എന്നിരുന്നാലും ഈ സാഹചര്യത്തെ ദുരുപയോഗപ്പെടുത്തുന്നതിനായി പലരും ആസൂത്രിതമായി ശ്രമിക്കുന്നതിനാൽ സദുദ്ദേശത്തോടെ ഇടപെടാനാഗ്രഹിക്കുന്ന ബാക്കിയുള്ളവരെക്കൂടി കണക്കിലെടുത്ത്‌ ചില പൊതുനിയന്ത്രണങ്ങളും തുടക്കം മുതൽ ഏർപ്പെടുത്തി വരാറുണ്ട്‌. അതിന്റെയൊക്കെ ഭാഗമായി താഴെപ്പറയുന്ന വിഭാഗങ്ങളിലുള്ളവർ ബ്ലോക്ക്‌ ചെയ്യപ്പെടാനുള്ള സാധ്യതകൾ ഏറെയാണ്‌ എന്ന് ഒന്നുകൂടി ആവർത്തിക്കുന്നു:
1) തെറിവിളിക്കുന്നവർ, ചിലപ്പോൾ അത്തരം തെറിവിളികളെ ലൈക്ക്‌ ചെയ്ത്‌ പ്രോത്സാഹിപ്പിക്കുന്നവർ.
2) ഫേക്ക്‌ ഐഡികൾ
3) ഒരു വിഷയത്തെ അധികരിച്ചുകൊണ്ടുള്ള ചർച്ചയുടെ ഇടക്ക്‌ കയറിവന്ന് മനപൂർവ്വം യാതൊരു ബന്ധവുമില്ലാത്ത മറ്റ്‌ കാര്യങ്ങൾ പറഞ്ഞ്‌ വഴിതെറ്റിക്കാൻ നോക്കുന്നവർ.
4) മറ്റുള്ളവരുടെ അഭിപ്രായങ്ങൾ എവിടുന്നെങ്കിലും കൊണ്ടുവന്ന് ചുമ്മാ കോപ്പി പേസ്റ്റ്‌ നടത്തുന്നവർ, സ്ഥിരം ഫോട്ടോ കമന്റുകൾ ആവർത്തിക്കുന്നവർ എന്നിങ്ങനെ ഒരു ചർച്ചക്ക്‌ ഗുണകരമാവുന്ന തരത്തിൽ സ്വന്തമായി ഒരഭിപ്രായവും പറയാനില്ലെന്ന് എനിക്ക്‌ ബോധ്യപ്പെടുന്നവർ.
5) മനപൂർവ്വം പ്രകോപനങ്ങൾ സൃഷ്ടിച്ച്‌ നമ്മെക്കൊണ്ട്‌ എന്തെങ്കിലുമൊക്കെ പറയിപ്പിച്ച്‌ പിന്നെ അതിന്റെ സ്ക്രീൻ ഷോട്ട്‌ എടുത്ത്‌ ആഘോഷിക്കാനും ഇരവാദമുന്നയിക്കാനും വേണ്ടി ആസൂത്രിതമായി കടന്നുവരുന്ന സൈബർ ഗുണ്ടകൾ.
6) പുതിയ ഒരു കാറ്റഗറി കൂടി ഇറങ്ങിയിട്ടുണ്ട്‌. ഞാൻ ഇതുവരെ ബ്ലോക്ക്‌ ചെയ്തിട്ടില്ലെങ്കിലും തങ്ങളെന്തോ വലിയ സംഭവമാണ്‌ എന്ന് മറ്റുള്ളവർക്ക്‌ മുന്നിൽ മേനി നടിക്കാൻ വേണ്ടി “ഞാൻ പണ്ടൊരു ചോദ്യം ചോദിച്ചപ്പോഴേക്കും മറുപടിയില്ലാത്തതുകൊണ്ട്‌ പുള്ളി എന്നെക്കേറി ബ്ലോക്ക്‌ ചെയ്തു” എന്ന് എല്ലായിടത്തും പോയി പച്ചനുണ പറയുന്നവർ. അവരുടെ പ്രതീക്ഷകൾ നിറവേറ്റുന്ന തരത്തിൽ തന്നെ അവരോട്‌ പെരുമാറേണ്ടതുണ്ട്‌.
ഇങ്ങനെയുള്ള വിഭാഗക്കാരെ ഇനിയും കിട്ടുന്നിടത്തുവച്ച്‌ ബ്ലോക്ക്‌ ചെയ്യാൻ തന്നെയാണ്‌ തീരുമാനം. അത്രക്കുള്ള ജനാധിപത്യ സംസ്ക്കാരത്തിനേ സൈബർ ബുള്ളിയിങ്ങിന്റെ കാലത്ത്‌ സ്കോപ്പുള്ളൂ എന്നാണ്‌ എന്റെ തോന്നൽ. സഹകരിക്കാൻ താത്പര്യമുള്ളവർ മാത്രം സഹകരിക്കുക, അല്ലാത്തവർ അവരുടെ വഴി നോക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button