ഭരണത്തിലേറി ആദ്യമാസത്തില്‍ത്തന്നെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള സിപിഎം മന്ത്രിമാര്‍ അനാവശ്യ വിവാദങ്ങളില്‍ തലവച്ചു കൊടുത്തു. മുല്ലപ്പെരിയാര്‍ വിഷയമാണ് മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കിയതെങ്കില്‍ തീര്‍ത്തും നിരുപദ്രവകരമായി പോകുമായിരുന്ന ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണമാണ് കായികമന്ത്രി ഇ.പി.ജയരാജനെ കുടുക്കിയത്. ഇനിയൊരാള്‍ ഉള്ളത് പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന ജി.സുധാകരനാണ്. ആവശ്യത്തേക്കാള്‍ കൂടുതല്‍ അനാവശ്യം പറയുന്ന നാവ് ഉള്ളയാളെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഏറ്റവും വലിയ അനുചരന്മാരില്‍ ഒരാളായ ഈ മന്ത്രിയെപ്പറ്റി പരക്കെ പറയപ്പെടുന്ന ഒരു വസ്തുത. വന്ധ്യവയോധികനായ വി.എസ്.അച്ചുതാനന്ദനോട് ചോദിച്ചാല്‍ ആ വസ്തുതയുടെ ചില അനുഭവസാക്ഷ്യങ്ങള്‍ അദ്ദേഹത്തിന് പറയാനുമുണ്ടാകും.
ഹിന്ദു സന്യാസി സമൂഹത്തെ ഒന്നാകെ അടച്ചാക്ഷേപിക്കുന്ന രീതിയില്‍ നടത്തിയ പ്രസ്താവനയിലൂടെ തന്‍റെ നാവില്‍ വിളയുന്ന ദൂഷ്യത്തിന്‍റെ ഏറ്റവും പുതിയൊരു ഉദാഹരണം കൂടി സുധാകരന്‍ കാഴ്ച വച്ചിരിക്കുകയാണ്. ഹിന്ദു മതത്തിലെ സന്യാസിമാരെ വിമര്‍ശിക്കാന്‍ പാടില്ല എന്നൊന്നുമില്ല. പക്ഷേ അതിനായി മുന്നോട്ടുവച്ച വാദഗതി എത്രമാത്രം വിലകുറഞ്ഞതാണെന്ന് മനസ്സിലാക്കാനുള്ള ബോധം അദ്ദേഹത്തിനുണ്ടാവില്ലെങ്കിലും കേരളത്തിലെ പൊതുജനങ്ങള്‍ക്ക് വേണ്ടുവോളമുണ്ട്. ഹിന്ദു സന്യാസിമാര്‍ അടിവസ്ത്രം ധരിക്കാത്തവരാണെന്നും അതിനാല്‍ മാന്യതയില്ലാത്തവരാണെന്നും പറയുന്നതിന് മുമ്പ് താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം ഒരുകാലത്ത് എങ്ങനെയുള്ള ആളുകള്‍ക്ക് വേണ്ടിയായിരുന്നു നിലകൊണ്ടിരുന്നത് എന്നകാര്യം ഒരുമാത്രയെങ്കിലും സുധാകരന്‍ ഒന്ന്‍ ഓര്‍ത്തിരുന്നെങ്കില്‍ നന്നായിരുന്നു.
ഉടുതുണിക്ക് മറുതുണിയില്ലാതെ, പാടത്തെയും പറമ്പിലേയും ചളിയിലും വെള്ളത്തിലും സ്വന്തം വിയര്‍പ്പിലും കുതിര്‍ന്ന ഒറ്റച്ചേലമുണ്ടും ഉടുത്ത് പകലന്തിയോളം പണിയെടുത്ത് അരച്ചാണ്‍ വയറുമായി അടിച്ചമര്‍ത്തപ്പെട്ട് കഴിഞ്ഞിരുന്ന അടിയാളന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട ആ പ്രസ്ഥാനത്തില്‍ തന്നെയല്ലേ സുധാകരന്‍ ഇപ്പോളും? കാലഘട്ടത്തിനനുസരിച്ച് പ്രസ്ഥാനം പാര്‍ട്ടിയായി മാറി കോര്‍പ്പറേറ്റ് മുഖമണിഞ്ഞപ്പോള്‍ പഴയ സമരചരിത്രമൊക്കെ പഴമക്കാരുടെ മനസ്സിലും പുസ്തകത്താളുകളിലും മാത്രമായിപ്പോയി. പുതിയയുഗത്തിലെ പാര്‍ട്ടി പ്രമുഖനായ സുധാകരന് വസ്ത്രധാരണവും അതിലടങ്ങിയിരിക്കുന്ന പുറംമോടിയുമൊക്കെയായിരിക്കും മാന്യതയുടെ ലക്ഷണം.
വിദേശരാജ്യത്തുള്ള തന്‍റെ ഒരു സന്ദര്‍ശനത്തിന്‍റെ ഇടയില്‍ ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന സ്വാമി വിവേകാനന്ദനുണ്ടായ ഒരനുഭവം നാമെല്ലാവരും പലതവണ കേട്ടും, വായിച്ചും ഒക്കെ അറിഞ്ഞിട്ടുള്ളതാണ്. വിലകൂടിയ കൊട്ടും സ്യൂട്ടും ഒക്കെ ധരിച്ചെത്തിയ ഒരു വിദേശി വിവേകാനന്ദന്‍റെ മോടികുറഞ്ഞ., മുഷിഞ്ഞ വസ്ത്രധാരണം കണ്ട് പരിഹാസം നിറഞ്ഞ സ്വരത്തില്‍ ചോദിച്ചു,”നിങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് ഞങ്ങല്‍ പാശ്ചാത്യരെപ്പോലെ മാന്യമായി വസ്ത്രം ധരിച്ച് നടന്നുകൂടെ?”.
അയാളുടെ സ്വരത്തിലെ പരിഹാസം തിരിച്ചറിഞ്ഞ വിവേകാനന്ദന്‍റെ മറുപടി ഇതായിരുന്നു,”നിങ്ങളെ സംബന്ധിച്ച് ധരിക്കുന്ന വസ്ത്രങ്ങളാണ് ഒരു “ജെന്‍റില്‍മാനെ” നല്‍കുന്നത്, പക്ഷേ ഞങ്ങള്‍ക്ക് ഒരു “ജെന്‍റില്‍മാനെ” ലഭിക്കുന്നത് നല്ല സ്വഭാവത്തിലൂടെയാണ്”.
ഇവിടെ, വിവേകാനന്ദന് നേരേ വിഡ്ഢിചോദ്യമെറിഞ്ഞ ആ വിദേശിയുടെ നിലവാരം മാത്രമേ ജി.സുധാകരന്‍ എന്ന മന്ത്രിപുംഗവനും ഉള്ളൂ. ഒസാമാ ബിന്‍ ലാദനെപ്പോലെയുള്ള ഒരു ആഗോളഭീകരനെ വിപ്ലവ ബലിദാനിയായി ചിത്രീകരിച്ച് കവിത രചിക്കുന്ന ആളില്‍ നിന്ന്‍ മാന്യമായ ഒരു നിലവാരം പ്രതീക്ഷിക്കുക എന്നത് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതിന് തുല്ല്യമായ കാര്യമാണ് എന്നറിയാമെങ്കിലും ചോദിച്ച് പോകുകയാണ്,”ഒരു മന്ത്രി എന്ന നിലയില്‍ അങ്ങേയ്ക്ക് മറ്റൊന്നും പറയാനില്ലേ? ഇപ്പോള്‍ നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അടിവസ്ത്രധാരണമാണോ?”.
Post Your Comments