കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എല്‍.ഡി.എഫ്. ഭരണത്തിലേറിയ ഉടന്‍ പ്രഖ്യാപിച്ച നിലപാട് മാറ്റത്തെ സ്വാഗതം ചെയ്‌ത തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉയരാനിടയുള്ള എതിര്‍പ്പിനെ നേരിടാന്‍ പുതിയതന്ത്രവുമായി എത്തുന്നു. തമിഴ്‌നാട്ടില്‍ വന്‍ ഭൂസ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുള്ള മലയാളികളായ രാഷ്‌ട്രീയ നേതാക്കളുടെ കണക്കുകള്‍ പൊടിതട്ടിയെടുത്ത് അത് പുറത്തുവിടാന്‍ നീക്കം നടത്തുകയാണ് തമിഴ്നാട് സര്‍ക്കാര്‍ .ഇതു സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടർമാർക്ക് നിർദ്ദേശം നൽകികഴിഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം ഒഴുകുന്ന വിവിധ പ്രദേശങ്ങളില്‍ കേരളത്തിലെ ഉന്നതര്‍ ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ട്. കേരളത്തിലെ ഒട്ടുമിക്ക രാഷ്‌ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് തമിഴ്‌നാട്ടില്‍ ഭൂമി ഉണ്ടെങ്കിലും കൂടുതല്‍ ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നത് യു.ഡി.എഫ്. നേതാക്കളാണ്. അതിനാല്‍ തന്നെ യു.ഡി.എഫില്‍നിന്നുണ്ടാകുന്ന പ്രതിഷേധം തണുപ്പിക്കാന്‍ ഈ നീക്കത്തിലൂടെ കഴിയുമെന്നാണ് തമിഴ്‌നാടിന്റെ പ്രതീക്ഷ. കേരളത്തിലെ മുന്‍ മന്ത്രിമാരും ഉന്നത രാഷ്‌ട്രീയക്കാരും അടക്കം വലിയൊരു വിഭാഗം തമിഴ്‌നാട്ടില്‍ ഭൂമി സമ്പാദിച്ച് കൂട്ടിയിട്ടുണ്ട്. ബിനാമി പേരിലും ബന്ധുക്കളുടെ പേരിലുമായി വന്‍ ഭൂസ്വത്തുക്കളാണ് ചില മന്ത്രിമാരും ഉന്നത രാഷ്‌ട്രീയ നേതാക്കളും തമിഴ്‌നാട്ടില്‍ വാങ്ങിയത്. അവരുടെ വിവരങ്ങള്‍ പുറത്തു വിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഭീഷണി മുഴക്കിയതോടെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തില്‍ നേരത്തെ സമര രംഗത്ത് ഉണ്ടായിരുന്ന പല നേതാക്കളും പതിയെ പിന്‍മാറിയത്.
കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്ത് സജീവമായി നിന്നത് സി.പി.എമ്മും എല്‍.ഡി.എഫുമായിരുന്നു. ഈ സാഹചര്യത്തില്‍ ഈ വിഷയം യു.ഡി.എഫ്. രാഷ്‌ട്രീയമായി ഉപയോഗിച്ചേക്കുമെന്ന് വ്യക്‌തമായതോടെയാണ് നേതാക്കളുടെ സ്വത്ത് വിവരം തപ്പിയെടുക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.
Post Your Comments