ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ദോഹയിലെത്തും. അഫ്ഘാനിസ്ഥാനില്‍ നിന്നും വൈകിട്ട് ദോഹയിലെത്തുന്ന പ്രധാനമന്ത്രി, ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഞായറാഴ്ച രാത്രിയോടെ സ്വിറ്റ്‌സ്വര്‍ലന്‍ഡിലേക്കു പോകും. ഞായറാഴ്ച് വൈകീട്ട് ദോഹ ഷെരാട്ടന്‍ ഹോട്ടലില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.
എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഭരണ നേതൃത്വത്തിലെ ഉന്നതരുമായും കൂടിക്കാഴ്ച നടത്തും. പാര്‍ലമെന്റ് മന്ദിരമായ അമീരി ദിവാനിയിലായിരിക്കും പ്രധാനമന്ത്രിയുടെ സുപ്രധാനമായ ഔദ്യോഗിക പരിപാടികള്‍ നടക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും ഊര്‍ജ മേഖലയിലെ പരസ്പര സഹകരണവും സന്ദര്‍ശന വേളയില്‍ ചര്‍ച്ചയാകും.
ഞായറാഴ്ച ദോഹ ഷെരാട്ടന്‍ ഹോട്ടലില്‍ നടക്കുന്ന നിക്ഷേപക സമ്മേളനത്തില്‍ സ്വദേശികളായ ബിസിനസ് പ്രമുഖരുമായി മോദി കൂടിക്കാഴ്ച നടത്തും. ഖത്തറില്‍ നിന്നും കൂടുതല്‍ നിക്ഷേപം ഇന്ത്യയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപക സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫ് അലിയും ദോഹ ബാങ്ക് സി.ഇഒ. ആര്‍.സീതാരാമനും ഈ സമ്മേളനത്തില്‍ സംബന്ധിക്കും. വൈകീട്ട് നാലരയോടെ ഇതേ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.
ദുബായില്‍ നടന്നതുപോലുള്ള പൊതു പരിപാടികളോ മറ്റ് സാംസ്‌കാരിക പരിപാടികളോ ദോഹയില്‍ ഉണ്ടായിരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഏഷ്യന്‍ ടൗണിലെ തൊഴിലാളികളുടെ പാര്‍പ്പിട കേന്ദ്രമായ ലേബര്‍ സിറ്റിയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.
Post Your Comments