Gulf

അബുദാബി-ദുബായ് പുതിയ ഹൈവേ ഈ വര്‍ഷം അവസാനം തുറക്കും

അബുദാബി ● 210 കോടി ദിര്‍ഹം ചെലവഴിച്ചു നിര്‍മ്മിക്കുന്ന അബുദാബി-ദുബായ് പുതിയ ഹൈവേ ഈ വര്‍ഷം അവസാനം തുറക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അബുദാബി നഗരത്തിലെത്താന്‍ പുതിയ മാര്‍ഗ്ഗം ഒരുങ്ങും. അബുദാബിക്കും – ദുബായിക്കുമിടയിലുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് പുതിയ റോഡിന്റെ ലക്ഷ്യം. 62 കിലോമീറ്ററാണ് റോഡിന്റെ നീളം. 83% പണികളും പൂര്‍ത്തിയായതായി പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന അബുദാബി ജനറല്‍ സര്‍വീസസ് കമ്പനി അധികൃതര്‍ അറിയിച്ചു.

ഇരു വശങ്ങളിലുമായി നാലു വരികള്‍ വീതമാണുണ്ടാവുക. ഓരോ ലൈനിലും 2000 വാഹനങ്ങള്‍ എന്ന നിലയ്ക്കു മണിക്കൂറില്‍ എണ്ണായിരം വാഹനങ്ങള്‍ക്ക് പുതിയ ഹൈവേ ഉപയോഗിക്കാനാകും. അബുദാബി നഗരത്തിലേക്ക് പുതിയ മാര്‍ഗം എ, ബി എന്നിങ്ങനെ രണ്ടു രീതിയിലാണ് റോഡ് നിര്‍മ്മാണ പദ്ധതി പൂര്‍ത്തിയാക്കുന്നത്. ദുബായ് അതിര്‍ത്തിയില്‍ ഷുഐബിലെ മുഹമ്മദ് ബിന്‍ സായിദ് റോഡിന്റെ തുടര്‍ച്ചയാണ് ഈ റോഡ്. സീഹ് ഷുഐബില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഫോറസ്റ്റ് ബെല്‍റ്റ്, അല്‍ മഹാ ഫോറസ്റ്റ്, കിസാദ്, ബിദാ ഖലീഫാ, അല്‍ അജ്മാന്‍ റഓഡ്, അഭു മൂരീഖ, സായിദ് മിലിട്ടറി സിറ്റി, അബുദാബി-സൈ്വഹാന്‍ റോഡില്‍ അല്‍ ഫലാഹ് ഏരിയയില്‍ നിന്ന് സൈ്വഹാന്‍ ഇന്‍ര്‍ചേഞ്ച് വരെയാണ് കടന്നുപോവുന്നത്. ആറ് ഇന്റര്‍ചേഞ്ചുകളും ആറ് ഭൂഗര്‍ഭ പാതകളുമാണ് ഹൈവേയിലുള്ളത്.

യു.എ.ഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ താല്‍പര്യപ്രകാരം അബുദാബി കീരീടവകാശിയും യു.എ.ഇ സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ പാത ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button