ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടുമൊരു പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് കൂടി കേളികൊട്ടുയര്‍ന്നു കഴിഞ്ഞു. അടുത്ത രാഷ്ട്രത്തലവന്‍ എങ്ങനെയുള്ള വ്യക്തിത്വത്തിനുടമയായിരിക്കണം എന്ന ചര്‍ച്ചകള്‍ ദിനംപ്രതിയെന്നോണം നടക്കുന്നു.
ഐടി രംഗത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ സിസ്ക്കോയുടെ ചെയര്‍മാന്‍ ജോണ്‍ ചേംബേഴ്സിന്‍റെ അഭിപ്രായത്തില്‍ പുതിയ അമേരിക്കൻ പ്രസിഡന്‍റ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെയുള്ള ആളായിരിക്കണം എന്നാണ്. ജോൺ ചേംബേഴ്‌സിന്‍റെ ഈ അഭിപ്രായ പ്രകടനം ഏറേ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഇന്ത്യയിലെ നിര്‍മ്മാണ മേഖലയേയും, തൊഴില്‍ രംഗത്തേയും പുത്തനുണര്‍വ്വ് നല്‍കി ശക്തിമത്തും സുസ്ഥിരവുമാക്കിയ നരേന്ദ്രമോദിയുടെ പാത പിന്തുടര്‍ന്ന് അമേരിക്കയുടെ പുതിയ പ്രസിഡന്‍റും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ജോൺ ചേംബേഴ്‌സ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളായ
മെയ്ക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ട് അപ് ഇന്ത്യ തുടങ്ങിയവയുടെ നേട്ടങ്ങള്‍ ചേംബേഴ്സ് പ്രത്യേകം എടുത്ത് പരാമര്‍ശിച്ചു.
ഏതു രാഷ്ട്രീയകക്ഷിയെ പ്രതിനിധീകരിച്ച് ആരു ജയിച്ചാലും അമേരിക്കയുടെ സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്കും ടെക്‌നോളജി, തൊഴിൽമേഖലകൾ ശക്തിപ്പെടുത്താനും മോദി ഇന്ത്യയിൽ ചെയ്യുന്നതുപോലുള്ള നടപടികളെ മാതൃകയാക്കണം എന്ന് ചേംബേഴ്സ് ആവശ്യപ്പെട്ടു.
“കഴിഞ്ഞ രണ്ടുവർഷംകൊണ്ട് മോദി ഇന്ത്യയിൽ കൊണ്ടുവന്ന മുന്നേറ്റം അത്ഭുതാവഹമാണ്. ജൂൺ ആദ്യവാരം മോദി അമേരിക്കയിലെത്തുമ്പോൾ അദ്ദേഹം എന്തുചെയ്യുന്നുവെന്ന് അടുത്ത അമേരിക്കൻ പ്രസിഡന്റ് കണ്ടുപഠിക്കണം,” സിസ്‌കോ ചെയർമാൻ പറഞ്ഞു. ബ്ലൂംബെർഗ് ബ്രേക്എവെ സമിറ്റില്‍ സംബന്ധിച്ച് സംസാരിക്കവേയായിരുന്നു ചേംബേഴ്സ് തന്‍റെ മനോഗതം അറിയിച്ചത്.
ഇത്തവണത്തെ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും ശ്രേദ്ധേയമാകും എന്ന അഭിപ്രായമാണ് ചേംബേഴ്സിന്. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ഇന്ത്യയില്‍ മാസംതോറും പത്തുലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുന്നതെങ്ങിനെയെന്നതിനെക്കുറിച്ച് മോദി വ്യക്തമാക്കുമെന്ന പ്രതീക്ഷയും ചേംബേഴ്സ് പ്രകടിപ്പിച്ചു.
Post Your Comments