KeralaNews

ജെ.ഡി.യുവിനെ തോല്‍പ്പിച്ചത് കോണ്‍ഗ്രസ് എന്ന് ആരോപണം

കോഴിക്കോട്: നിയമസഭാ തിര‍ഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ജനതാദളി(യു)നെ തോൽപിച്ചത് കോൺഗ്രസാണെന്ന് ആരോപണം. ജെ.ഡി.യു സംസ്ഥാന ഭാരവാഹിയോഗത്തിൽ ജെ.ഡി.യു നേതാവായ ഷേഖ് പി.ഹാരിസാണ് വിമർശനവുമായി രംഗത്തുവന്നത്.

അമ്പലപ്പുഴയിൽ ഡി.സി.സി പ്രസിഡന്റ് കാലുവാരിയെന്ന് ജെ.ഡി.യു സ്ഥാനാർഥിയായിരുന്ന ഷേഖ് പി.ഹാരിസ് ആരോപിച്ചു. പല മണ്ഡലങ്ങളിലും ജെ‍ഡിയുവിനെ തോൽപ്പിച്ചത് കോൺഗ്രസാണ്. വടകരയിൽ ലീഗും കോൺഗ്രസും ആർ.എം.പിക്ക് വോട്ടുമറിച്ചെന്നും ഷേഖ് പി. ഹാരിസ് പറഞ്ഞു. അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഷേഖ് പി. ഹാരിസ് സി.പി.എമ്മിന്റെ ജി. സുധാകരനോട് 22,621 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

തിരഞ്ഞെടുപ്പിൽ ജെ.ഡി.യു മൽസരിച്ചിരുന്ന ഏഴു സീറ്റുകളിലും പരാജയപ്പെട്ടിരുന്നു. പാർട്ടി ചെയർമാൻ എം.പി.വീരേന്ദ്രകുമാറിന്റെ മകൻ ശ്രേയാംസ് കുമാർ അടക്കമുള്ള നേതാക്കളാണ് കനത്ത തോൽവി നേരിട്ടത്.

അതേസമയം, കനത്ത തോൽവി നേരിട്ടതിനെ തുടർന്ന് ജനതാദളിൽ കനത്ത നടപടി തുടങ്ങി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെ രാജിവയ്പ്പിച്ചു. നിർബന്ധപൂർവം രാജിക്കത്ത് എഴുതിവാങ്ങുകയായിരുന്നു. വടകരയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മൽസരിച്ച മനയത്ത് ചന്ദ്രൻ എൽ.ഡി.എഫ് സ്ഥാനാർഥിയായ സി.കെ.നാണുവിനോട് 9,511 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button