ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും വ്യവസായിയുമായ റോബര്‍ട്ട് വധേരയ്ക്ക് വേണ്ടി ബിനാമി പേരില്‍ ആയുധ ഇടനിലക്കാരനായ സഞ്ജയ് ഭണ്ഡാരി ലണ്ടനില്‍ 2009ല്‍ കൊട്ടാര സദൃശ്യമായ വീട് വാങ്ങിയെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. വധേരയെ കൂടാതെ അദ്ദേഹത്തിന്റെ എക്സിക്യുട്ടീവ് അസിസ്റ്റന്റ് മനോജ് അറോറ, സോണിയാ ഗാന്ധി എന്നിവരുടെ പങ്കും കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. അതേസമയം, പുതിയ സംഭവ വികാസത്തെ കുറിച്ച് വധേര ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഓഫ്സെറ്റ് ഇന്ത്യ സൊല്യൂഷന്‍സ് എന്ന കന്പനിയുടെ ഉടമസ്ഥനായ ഭണ്ഡാരിയുടെ പതിനെട്ടോളം സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ മാസം നടത്തിയ തിരച്ചിലില്‍ വധേരയും മനോജ് അറോറയയും തമ്മില്‍ വീടിന്റെ നവീകരണവും പണം അടയ്ക്കുന്നതും സംബന്ധിച്ച് ചര്‍ച്ച നടത്തിയതിനുള്ള ഇ-മെയില്‍ രേഖകള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. ലണ്ടനിലെ ബ്രിയാന്‍സ്റ്റണ്‍ സ്ക്വയറില്‍ സ്ഥിതി ചെയ്യുന്ന വീട് 2009 ഒക്ടോബറില്‍ 19 കോടി രൂപ കൊടുത്താണ് വധേര വാങ്ങിയത്. 2010 ജൂണില്‍ ഇത് വില്‍ക്കുകയും ചെയ്തുവെന്ന് എന്‍ഫോഴ്സ്മെന്റ് തയ്യാറാക്കിയ രണ്ട് പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഭണ്ഡാരിയുടെ ലണ്ടനിലെ ബന്ധു സുമിത് ഛദ്ദയ്ക്ക് അറോറ ഇ-മെയിലുകള്‍ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. 2010 ഏപ്രില്‍ നാലിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍, സുമിത് ഛദ്ദ വീട് നവീകരിച്ചതിന് ചെലവായ തുക നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച് താന്‍ പരിശോധിക്കട്ടെയെന്നും മനോജ് അറോറ ഛദ്ദയെ ബന്ധപ്പെട്ടോളും എന്ന് വധേര ഇതിന് മറുപടിയും നല്‍കിയിട്ടുണ്ട്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഭണ്ഡാരിയെ പ്രതിരോധ ഇടപാടുകളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
Post Your Comments