റാവല്‍പിണ്ടിയ്ക്കടുത്തുള്ള കഹൂട്ടയില്‍ ഉള്ള തങ്ങളുടെ അണ്വായുധ സജ്ജീകരണം കൊണ്ട് ന്യൂഡല്‍ഹിയെ അഞ്ചു മിനിറ്റിനുള്ളില്‍ നശിപ്പിക്കാന്‍ കഴിയും എന്ന പാക് ആണവ ശാസ്ത്രജ്ഞന് അബ്ദുള്‍ ഖാദിര്‍ ഖാന്റെ വീരവാദത്തിന് ഇന്ത്യന്‍ വിദഗ്ദരുടെ തകര്‍പ്പന്‍ മറുപടി.
ഇന്ത്യയ്ക്ക് മുഴുവന്‍ പാകിസ്ഥാനേയും നാമാവശേഷമാക്കാനുള്ള ശേഷിയുണ്ടെന്നും, പക്ഷേ ആണവായുധങ്ങള്‍ ആക്രമണത്തിനായി ഉപയോഗിക്കാനുള്ളതല്ല മറിച്ച് രാജ്യത്തിന്റെ പ്രതിരോധ കവചമായി ഉപയോഗിക്കാന്‍ മാത്രമുള്ളതാണെന്നും ആയിരുന്നു ഇന്ത്യന്‍ വിദഗ്ദരുടെ മറുപടിയുടെ കാതല്‍.
“തികച്ചും അപക്വവും, വിലകുറഞ്ഞതുമായ ഒരു പ്രസ്താവനയാണ് എ.ക്യൂ.ഖാന് നടത്തിയത്. ആണവായുധങ്ങള്‍ യുദ്ധത്തിനുള്ള ആയുധമല്ല, മറിച്ച് പ്രതിരോധ കവചമാണ്. ഇന്ത്യയ്ക്ക് മുഴുവന്‍ പാകിസ്ഥാനെയും തകര്‍ത്തു കളയാനുള്ള ശേഷിയുണ്ട്, പക്ഷേ, നാം അതേക്കുറിച്ച് ഒരിക്കലും വീരവാദം മുഴക്കി നടക്കാറില്ല,” മുന്‍ കരസേനാ മേധാവി ജനറല്‍ എന്‍.സി.വിജ് അഭിപ്രായപ്പെട്ടു.
“ഖാന് ഇത്തരം വീരവാദങ്ങള്‍ക്ക് പേരു കേട്ടയാളാണ്” എന്നായിരുന്നു മുന്‍ ബ്രിഗേഡിയര്‍ ഗുര്‍മീത് കന്‍വലിന്റെ അഭിപ്രായം.
“പെട്ടെന്നൊരു ദിവസം പാകിസ്ഥാന് സൈനിക മേധാവി ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഉത്തരവിട്ടാലും, ആറു മണിക്കൂറെങ്കിലും വേണ്ടിവരുന്ന തയാറെടുപ്പുകള്‍ക്ക് ശേഷമേ അവര്‍ക്ക് ആയുധം തൊടുക്കാന്‍ കഴിയൂ,” കന്‍വല്‍ പറഞ്ഞു.
മുന്‍ എയര്‍ വൈസ് മാര്‍ഷലായ മന്മോഹന് ബഹാദൂറിന്റെ അഭിപ്രായത്തില്‍ ഖാന് അല്‍പ്പം വാര്‍ത്താപ്രാധാന്യം നേടാന്‍ വേണ്ടി നടത്തിയ ശ്രമമായിരുന്നു ഇത്. ഖാനെപ്പോലെ ആണവായുധ രഹസ്യങ്ങള്‍ വിറ്റ് ജീവിച്ചയാളുടെ അവകാശവാദങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖാന്റെ വീരവാദങ്ങള്‍ക്ക് അമിതമായ പ്രാധാന്യം കല്‍പ്പിക്കാതിരുന്ന ഇന്ത്യ ഔദ്യോഗികമായ പ്രതികരണങ്ങള്‍ക്കൊന്നും മുതിര്‍ന്നില്ല.
Post Your Comments